ഇതര സംസ്ഥാന ലോട്ടറി കേരളത്തിലേയ്ക്കു വരുന്നു; പിന്നില്‍ സാന്റിയാഗോ മാര്‍ട്ടിന്‍

സംസ്ഥാനത്ത് വീണ്ടും ഇതര സംസ്ഥാന ലോട്ടറി കടന്നു വരുന്നതായി സൂചന. ലോട്ടറി നടത്തിപ്പിനു അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്റെ സിക്കിം ലോട്ടറി അധികൃതര്‍ സംസ്ഥാന ധനകാര്യ വകുപ്പിനും ലോട്ടറി വകുപ്പിനും നിവേദനം നല്‍കിയിട്ടുണ്ട്.
ജിഎസ്ടി നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്ത് വില്‍പന നടത്താന്‍ അനുവാദം
നല്‍കണമെന്നാവശ്യപ്പെട്ട് സിക്കിം ലോട്ടറി അധികൃതര്‍ ലോട്ടറി വകുപ്പിനു
അപേക്ഷ നല്‍കി. ഇതിനു പിന്നാലെ വിവിധ ജില്ലകളിലെ ലോട്ടറി
മൊത്തവിതരണക്കാരെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ലോട്ടറികള്‍
വരുന്നതിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ എല്ലാ ലോട്ടറികളുടെയും നിരക്ക്
ഏകീകരിച്ചു. സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന ഏഴു ലോട്ടറികള്‍ക്കും ഇന്നു
മുതല്‍ 30 രൂപയാവും നിരക്ക്.
ചരക്കു സേവന നികുതി നടപ്പാക്കുന്നതോടെ ലോട്ടറി അടക്കമുള്ളവയ്ക്കു
രാജ്യത്തെല്ലായിടത്തും ഒരൊറ്റ നികുതി മതിയാവും. സംസ്ഥാനങ്ങള്‍ക്കു
പ്രത്യേകം പ്രത്യേകം നികുതി എന്നത് ഇല്ലാതാകും. ഇത്
മുതലെടുക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ ഇതര സംസ്ഥാന ലോട്ടറി അധികൃതര്‍
നടത്തുന്നത്. സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ കേരളത്തില്‍ നിന്നു വന്‍തോതില്‍ പണം
കൊള്ളയടിച്ചതോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ ലോട്ടറികള്‍ക്കു
സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍
ലോട്ടറി വില്‍പ്പനയില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയത്. ഇതിനിടെ പല തവണ
സിക്കിം ഭൂട്ടാന്‍ സര്‍ക്കാര്‍ ലോട്ടറികള്‍ കേരളത്തില്‍ ലോട്ടറി നടത്താന്‍ അനുവാദം
നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരുന്നു. എന്നാല്‍,
സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലോട്ടറി രംഗത്ത് പ്രവര്‍ത്തിക്കുന്ന
സംഘടനകളുടെയും എതിര്‍പ്പ് ശക്തമായതോടെ അന്യസംസ്ഥാന ലോട്ടറിയ്ക്കു അനുവാദം
നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. ഇതിനിടെയാണ് ജിഎസ്ടിയുടെ ചുവടുപിടിച്ച്
സംസ്ഥാന സര്‍ക്കാരിനു പുതിയ അപേക്ഷ നല്‍കാന്‍ സിക്കിം ലോട്ടറി അധികൃതര്‍
എത്തിയത്. സിക്കിം ലോട്ടറിയ്ക്കു അനുവാദം ലഭിച്ചാല്‍ ഇതിനു പിന്നാലെ മറ്റു
സ്വകാര്യ ലോട്ടറികളും, ഓണ്‍ലൈന്‍ ലോട്ടറികള്‍ അടക്കമുള്ളവയും സംസ്ഥാനത്തെ വിപണി
ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് അന്യ സംസ്ഥാന വിറ്റിരുന്ന അന്യസംസ്ഥാന
ലോട്ടറികള്‍ വന്‍തോതില്‍ നികുതി വെട്ടിക്കുന്നു എന്നായിരുന്നു നേരത്തെ
ഉയര്‍ന്നിരുന്ന ആരോപണം. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ അന്യസംസ്ഥാന
ലോട്ടറികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. ജിഎസ്ടി നടപ്പാക്കിയാല്‍ നികുതി
നഷ്ടമാകും എന്ന പ്രശ്‌നമുണ്ടാകില്ലെന്നും, അതുകൊണ്ടു തന്നെ തങ്ങള്‍ക്കു
സംസ്ഥാനത്ത് ലോട്ടറി വില്‍പന നടത്താന്‍ അനുവാദം നല്‍കണമെന്നുമാണ് ഇതര സംസഥാന
ലോട്ടറി അധികൃതരുടെ വാദം.
ജിഎസ്ടിയ്ക്കു പിന്നാലെ സംസ്ഥാനത്ത് വില്‍പന ആരംഭിക്കാം എന്ന ലക്ഷ്യത്തോടെ
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മൊത്തവിതരണക്കാരെ കണ്ടെത്താനുളള നീക്കവും
ഇതര സംസ്ഥാന ലോട്ടറി മാഫിയ ആരംഭിച്ചിട്ടുണ്ട്. മുന്‍പ് ഇതര സംസ്ഥാന
ലോട്ടറിയുമായി സഹകരിച്ചിരുന്ന, നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി
വില്‍ക്കുന്ന ഏജന്റുമാരുമായി ഇതു സംബന്ധിച്ചു ഇതര സംസ്ഥാന ലോട്ടറി
പ്രതിനിധികള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ ഉടന്‍
തന്നെ സംസ്ഥാനത്ത് ലോട്ടറി വില്‍പന ആരംഭിക്കാന്‍ സാധിക്കുന്ന രീതിയിലാണ്
ഇവരുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയേക്കാള്‍
അഞ്ചു മുതല്‍ ഏഴു ശതമാനം വരെ ഉയര്‍ന്ന കമ്മിഷനാണ് ഇതരസംസ്ഥാന ലോട്ടറി കമ്പനി
മൊത്തവിതരണക്കാര്‍ക്കും, ഏജന്റുമാര്‍ക്കും വാദ്ദാനം ചെയ്യുന്നത്. ചെറിയ
സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു മലയാളികളായ ലോട്ടറി പ്രേമികളെ
കയ്യിലെടുക്കുന്നതിനും നീക്കം ആരംഭിച്ചിട്ടുണ്ട്.
ഇതര സംസ്ഥാന ലോട്ടറികള്‍ അതിര്‍ത്തി കടന്നെത്തിയാല്‍ നേരിടുന്നതിനുള്ള
മുന്നൊരുക്കത്തിന്റെ ഭാഗമായി കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ലോട്ടറി
വില കുറച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വില്‍ക്കുന്ന ഏഴു
ലോട്ടറികള്‍ക്കും 30 രൂപയായി. നേരത്തെ കാരുണ്യ, സ്ത്രീ ശക്തി ലോട്ടറികള്‍ക്കു
50 രൂപയും, പൗര്‍ണമി, കാരുണ്യ പ്ലസ് ലോട്ടറികള്‍ക്കു നാല്‍പതു രൂപയുമായിരുന്നു
ടിക്കറ്റ് നിരക്ക്. ഇതോടൊപ്പം ലോട്ടറികളുടെ ചെറിയ സമ്മാനത്തിന്റെ
ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കു സമ്മാനം ലഭിക്കുന്ന
രീതിയിലാണ് ഘടനയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























