ഷാനിമോള്‍ ശാപം ഉപകാരമായതാര്‍ക്കൊക്കെ? നിസഹായരായി പ്രവര്‍ത്തകര്‍

ഒരു മുഖ്യമന്ത്രിയെക്കാളും മുകളിലാണ് കെപിസിസി പ്രസിഡന്റ് എന്ന കാര്യം മലയാളികള്‍ ആദ്യം മനസിലാക്കുന്നത് വിഎം സുധീരനില്‍ നിന്നാണ്. സിപിഎമ്മില്‍ പാര്‍ട്ടി അധ്യക്ഷന്‍ എല്ലാക്കാലത്തും സര്‍വ പ്രതാപിയായി വാഴുമ്പോഴും കോണ്‍ഗ്രസില്‍ മാത്രം അധ്യക്ഷന്‍ ഒരു നോക്കുകുത്തിയായിരിക്കും. കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും ഒരു രണ്ടാം നേതാവായാണ് കെപിസിസി അധ്യക്ഷനെ കണ്ടിട്ടുള്ളത്. താന്‍ ഇരിക്കുന്ന കസേരയുടെ വില മനസിലാക്കാതെ അധികാര സ്ഥാനം മോഹിച്ച് കെപിസിസി അധ്യക്ഷ സ്ഥാനം വലിച്ചെറിഞ്ഞവരാണ് പല നേതാക്കളും. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ പേരെടുത്ത കെ മുരളീധരനും രമേശ് ചെന്നിത്തലയും ഈ വഴി സ്വീകരിച്ചവരാണ്. അവസാനം മുരളി തോറ്റ് തുന്നം പാടി ഒന്നുമല്ലാതായത് ചരിത്രത്തിന്റെ ഭാഗം മാത്രം. ചെന്നിത്തലയാകട്ടെ രണ്ടാം സ്ഥാനക്കാരനാകാന്‍ പോയി മൂന്നാം സ്ഥാനക്കാരനുമായി.
കേരളത്തിലെ നേതാക്കന്മാരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാതെ രാഹുല്‍ ഗാന്ധിയും എകെ ആന്റണിയും കൂടി കൊണ്ടു വന്ന കെപിസിസി അധ്യക്ഷന്‍ സുധീരന്‍ നേതാക്കന്‍മാര്‍ പേടിച്ചതു തന്നെ ചെയ്‌തു തുടങ്ങി. എല്ലാ കാര്യത്തിലും ഒരു സുധീരന്‍ ടച്ച് കൊണ്ടു വന്നു. കെപിസിസി അറിയാതെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു തീരുമാനവും എടുക്കാന്‍ പാടില്ലാതായി. അതോടെ ആദ്യം വെട്ടിലായത് മന്ത്രി കെ. ബാബുവാണ്. ബാര്‍ മുതലാളിമാരെ പ്രീതിപ്പെടുത്താനുള്ള ബാബുവിന്റെ ശ്രമം തെരഞ്ഞെടുപ്പു കാലത്തു തന്നെ നുള്ളിക്കളഞ്ഞു. ബാബുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിക്കോ ചെന്നിത്തലയ്‌ക്കോ കഴിയാതെ വന്നപ്പോള്‍ ചാനലുകളായ ചാനലുകളില്‍ കയറിയിറങ്ങി ഒരാള്‍ മാത്രം നല്ലപിള്ളയാവേണ്ട എന്ന മന്ത്രം പറഞ്ഞ് ബാബു കണ്ണീരു തൂകി.
ഇതിനിടെ സുധീരന്റെ മദ്യ നയത്തോട് കെപിസിസിയിലും യുഡിഎഫിലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഉമ്മന്‍ ചാണ്ടി മുതല്‍ ആദര്‍ശത്തിന്റെ മറ്റൊരു ഹരിത മുഖമെന്ന് കൊട്ടിഘോഷിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ വരെ സുധീരനെ പല രീതിയില്‍ തള്ളിപ്പറഞ്ഞു. എങ്കിലും അടച്ച ബാറുകള്‍ തുറക്കാന്‍ സുധീരന്‍ സമ്മതിച്ചില്ല.
കേരളത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സാധാരണ ചാനലുകള്‍ക്ക് ഒരു ആഘോഷക്കാലമാണ്. എന്നാല്‍ ഇത്തവണ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞ് എതിര്‍ത്ത് ഒരാള്‍ പോലും വായ് തുറന്നില്ല. തുടക്കത്തില്‍ ചിലര്‍ കല പിലയുണ്ടാക്കിയെങ്കിലും സുധീരന്റെ പരസ്യ പ്രസ്ഥാവന പാടില്ല എന്ന താക്കീത് എല്ലാവരും ഉള്‍ക്കൊണ്ടു. കാരണം, പറയുന്നത് സുധീരനാണ്.
ഇതിനിടയ്‌ക്കാണ് കെപിസിസി നിര്‍വാഹക സമിതി യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്ത പലരും കാലു വാരിയെന്ന ആക്ഷേപം അന്വേഷിക്കാന്‍ ആളേയും വച്ചു. അപ്പോഴാണ് പ്രതിപക്ഷം പോലും മറന്നു പോയ സരിതാ കഥയുമായി ഷാനിമോള്‍ ഉസ്‌മാന്‍ വന്നത്. വേണു ഗോപാലിന്റെ സരിതാ കഥകള്‍ അല്‍പം എരിവും പുളിവും ചേര്‍ത്ത് ഷാനിമോള്‍ അവതരിപ്പിച്ചു. അതില്‍ മനംനൊന്ത വേണുഗോപാലിന്റെ സ്വന്തം ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല, കുടുംബ കാര്യത്തില്‍ ഇടപെടുന്ന ഉമ്മന്‍ ചാണ്ടി എന്നിവര്‍ പരിഭവം പറഞ്ഞു. അതേറ്റു പിടിച്ച കെപിസിസി അധ്യക്ഷന്‍ സുധീരന്‍ അവസാനം ശരിക്കും വെട്ടിലാവുകയായിരുന്നു.
സുധീരനെ വെട്ടാനായി നിലകൊള്ളുന്നവര്‍ നിരവധിയാണ്. അണികളൊഴികെ ബഹുഭൂരിപക്ഷം നേതാക്കന്മാര്‍ക്കും സുധീരനെ ദഹിക്കുന്നില്ല. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് തോന്നിയതു പോലെ ഭരിക്കാനാകുന്നില്ല. എല്ലാം സുധീരനറിയണം. ഇങ്ങനെ കോണ്‍ഗ്രസ് നേതാക്കന്‍മാരും മന്ത്രിമാരും സുധീരനെ വെട്ടാനായി അവസരം കാത്ത് നില്‍ക്കുകയാണ്. അപ്പോഴാണ് കേരള നേതാക്കന്‍മാരെ എക്കാലവും നിയന്ത്രിക്കുന്ന ബാര്‍ മുതലാളിമാരുടെ എതിര്‍പ്പ്. ഇവരോടൊപ്പം സമുദായ നേതാവായ വെള്ളാപ്പള്ളിയും വാളോങ്ങി നില്‍ക്കുന്നു.
ഒരു കോണ്‍ഗ്രസ് നേതാവിനു പോലും സുധീരനെതിരെ പരാതിയുമായി ഹൈക്കമാന്‍ഡിന്റെ അടുത്ത് പോകാന്‍ ധൈര്യമില്ല. പോയാല്‍ ആരും തന്നെ ഈയൊരവസ്ഥയില്‍ സുധീരനെതിരെ തിരിയുകയുമില്ല.
ഇങ്ങനെ സുധീരന്‍ മുഖ്യമന്ത്രിയുടെ മുകളില്‍ സൂപ്പര്‍ മുഖ്യമന്ത്രിയായി നാടു ഭരിക്കുമ്പോഴാണ് ഷാനിമോളുടെ അവതാരം. ഈയൊരു പശ്ചാത്തലത്തില്‍ ഷാനിമോള്‍ ശാപം പലര്‍ക്കും ഉപകാരമാവുകയാണ്.
ഇനി വരുന്നത് തെരഞ്ഞെടുപ്പ് ഫലമാണ്. കോണ്‍ഗ്രസിന് കനത്ത പരാജയം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ . അങ്ങനെ വന്നാല്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റും. പകരം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കില്ല. ഈയൊരു നിലയില്‍ പേരെടുത്ത സുധീരനായിരിക്കും അടുത്ത മുഖ്യമന്ത്രി സ്ഥാനം വരിക എന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. സുധീരന്‍ മുഖ്യമന്ത്രിയായാല്‍ മറ്റ് നേതാക്കന്‍മാര്‍ക്ക് ചിന്തിക്കാനേ കഴിയില്ല. എല്ലാം സുധീരന്റെ ഇമേജില്‍ നിഷ്‌പ്രഭമാകും. വിഎസ് അച്യുതാനന്ദനെപ്പോലെ സുധീരന്‍ ഒറ്റയാനായി പാര്‍ട്ടിക്ക് അധീതനാകും.
ഇനി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയില്ലെങ്കിലും മന്ത്രിസഭ പുനസംഘടയിലും സുധീരന്‍ ഭംഗിയായി ഇടപെടും. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലത്തിനു മുമ്പ് സുധീരനെ വരിഞ്ഞ് കെട്ടണം.
ഈയൊരു കണക്കു കൂട്ടലിനിടയിലാണ് സുധീരനെതിരെ ആദ്യമായി ഷാനിമോള്‍ ഉസ്‌മാന്‍ രംഗത്തു വരുന്നത്. അന്ന് ഷാനിയെ കെപിസിസിയില്‍ എതിര്‍ത്ത ഉമ്മന്‍ ചാണ്ടിയും വേണുഗോപാലിന്റെ ഗ്രൂപ്പ് നേതാവ് ചെന്നിത്തലയും മിണ്ടാത്തതും ഇതു കൊണ്ടാണ്. കിട്ടുന്നെങ്കില്‍ രണ്ട് കൂടുതല്‍ കിട്ടിക്കോട്ടെ.
ഇങ്ങനെ മദ്യ ലോബിയും മന്ത്രിമാരും ഗ്രൂപ്പ് മറന്ന് എല്ലാ നേതാക്കളും സുധീരനെതിരെ ഒന്നിക്കുമ്പോള്‍ സുധീരനെ സംരക്ഷിക്കാന്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഷ്‌ട്രീയത്തിനധീതമായ വലിയൊരു ജന സാഗരവും മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha