എല്ലാം തമിഴ്‌നാടിനു വേണ്ടി? കേരളം പാസാക്കിയ നിയമം റദ്ദാക്കി, ജലനിരപ്പ് 142 അടിയാക്കാം, നഷ്‌ട സ്വപ്‌നത്തോടെ കേരളം ഹര്‍ത്താലിലേക്ക്

ഒടുവില്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞതു തന്നെ നടന്നു. മുല്ലപ്പെരിയാര്‍ തമിഴ്‌നാടിന് സ്വന്തം. കേരളത്തിന്റെ വെള്ളവും ഡാമും എല്ലാം ഇനി തമിഴ്‌നാടിന്റെ ചൊല്‍പ്പടിയില്‍ . ഡാം ഇപ്പം പൊട്ടുമെന്ന് മുറവിളി കൂട്ടി കേരളത്തെ ഒരു വര്‍ഷം മുമ്പ് ഭീതിയിലാഴ്‌തിയ ജല വിഭവ വകുപ്പു മന്ത്രി പിജെ ജോസഫിനെ പിന്നെ കണ്ടതേയില്ല. അതേസമയം തമിഴ്‌നാട് വിദഗ്‌ദ്ധമായി തന്ത്രങ്ങള്‍ മെനഞ്ഞു. ഫലം മുല്ലപ്പെരിയാര്‍ കേസ് തമിഴ്‌നാടിന് അനുകൂലമായി.
സംസ്ഥാനം പാസാക്കിയ നിയമം സുപ്രീംകോടതി ഭരണഘടനാബഞ്ച് റദ്ദാക്കി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കോടതി അനുമതി നല്‍കി. മേല്‍നോട്ടത്തിന് സൂപ്പര്‍വൈസറി കമ്മറ്റിയേയും നിയമിക്കും. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്റെ അധ്യക്ഷതയിലാണ് സമിതി.
അറ്റകുറ്റപ്പണികള്‍ക്ക് തമിഴ്‌നാടിന് അധികാരം നല്‍കി. അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലടക്കം വാദം കേട്ടാണ് ഹര്‍ജിയില്‍ എട്ട് വര്‍ഷത്തിന് ശേഷം കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റീസ് ആര്‍എം ലോധയ്ക്ക് പുറമെ ജസ്റ്റീസുമാരായ എച്ച്എല്‍ ദത്തു, സികെ പ്രസാദ്, മദന്‍ പി ലോകൂര്‍, എംവൈ ഇഖ്ബാല്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് കേസില്‍ ഏറെ നിര്‍ണായകമായ അന്തിമ വിധി പ്രസ്താവിച്ചത്.
കേരളത്തിന്റെ നിലപാടുകളെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതിയുടെ അധികാരത്തില്‍ കൈകടത്താന്‍ കേരളം ശ്രമിച്ചതായി സുപ്രീം കോടതി വിമര്‍ശിച്ചു. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ മറികടക്കാന്‍ 2006 ഫെബ്രുവരി 27ന് കേരള നിയമസഭ കൊണ്ടുവന്ന ജലസേചന നിയമത്തിലെ ഭേദഗതി ഭരണഘടനാ ബഞ്ച് റദ്ദാക്കി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ അനുമതി തേടിയുള്ള കേരളത്തിന്റെ ആവശ്യം കോടതി തള്ളി.
മുല്ലപ്പെരിയാര്‍ കരാര്‍ നിലവില്‍ വന്ന 1886 മുതല്‍ ഇങ്ങോട്ടുള്ള നിയമ തര്‍ക്കങ്ങള്‍ പരിശോധിച്ചാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് കേസില്‍ വിധി പറഞ്ഞത്. നിയമ ഭേദഗതിയെ അനുകൂലിച്ച് കൊണ്ടായിരുന്നു കേരളത്തിന്റെ വാദം. അണക്കെട്ടിന് ബലക്ഷയമില്ലാത്തതിനാല്‍ ജനലിരപ്പ് ഉയര്‍ത്താമെന്ന് തമിഴ്‌നാടും വാദിച്ചിരുന്നു.
അതേസമയം സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി നാളെ ഹാര്‍ത്താല്‍ നടത്താന്‍ മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്തു. മുല്ലപ്പെരിയാര്‍ സംരക്ഷണത്തിന് സമരവുമായി മുന്നോട്ട്‌പോകുമെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി വ്യക്തമാക്കി. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha