സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു...മഴക്കെടുതി സംബന്ധിച്ച റിപ്പോര്ട്ട് തിങ്കളാഴ്ചയ്ക്കകം നല്കണമെന്ന് കേന്ദ്രം

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കൊച്ചിയില്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മിക്ക ട്രയിനുകളും വൈകിയോടുന്നു.
കനത്ത മഴ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകളേയും ബാധിച്ചു.ഇന്നലെ നടത്താനിരുന്ന സാമ്പിള്‍ വെടിക്കെട്ട് മഴമൂലം മാറ്റിവെച്ചു. വെള്ളിയാഴ്‌ച വൈകിട്ടു വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അതേസമയം സംസ്ഥാനത്തെ മഴക്കെടുതികളെക്കുറിച്ച് തിങ്കളാഴ്‌ചയ്‌ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രി അടൂര്‍പ്രകാശ്, കേന്ദ്ര മന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. 70 കോടിയുടെ അടിയന്തര സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha