അടുത്തത് കബനി... മുല്ലപ്പെരിയാര്‍ കിട്ടിയതോടെ കബനി നദിയിലെ വെള്ളം ആവശ്യപ്പെട്ട് തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ സമ്പൂര്‍ണ വിജയം നേടിയതോടെ മറ്റൊരു അവകാശവുമായി തമിഴ്‌നാട് വീണ്ടും. വയനാട്ടില്‍ നിന്ന് ഉത്ഭവിച്ച് കാവേരി നദിയിലേക്ക് ഒഴുകുന്ന കബനി നദിയിലെ കേരളത്തിന്റെ ജല വിഹിതത്തിന് അവകാശവാദം ഉന്നയിച്ചാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. കബനി നദിയില്‍ കേരളം തങ്ങളുടെ വിഹിതം പൂര്‍ണ്ണമായും ഉപയോഗിക്കുന്നില്ലെന്നും കാവേരി ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ഈ ജലത്തില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നുമാണ് തമിഴ്‌നാടിന്റെ വാദം.
നിലവില്‍ കേരളത്തിന്റെ വിഹിതത്തില്‍ നിന്നും ബാക്കിയുള്ള ജലം കര്‍ണ്ണാടക ഏകപക്ഷീയമായി ഉപയോഗിക്കുകയാണെന്നും തമിഴ്‌നാട് പറയുന്നു. പ്രത്യക്ഷത്തില്‍ തര്‍ക്കം തമിഴ്‌നാട്-കര്‍ണാടക സംസ്‌ഥാനങ്ങള്‍ തമ്മിലാണ്. എന്നാല്‍ കേരള വിഹിതത്തില്‍ നിന്ന് ബാക്കിയാകുന്ന ജലത്തിന് മറ്റു സംസ്‌ഥാനങ്ങള്‍ അവകാശം നേടിയെടുക്കുന്നത് ഭാവിയില്‍ സംസ്‌ഥാനത്തിന് സ്വന്തം അവകാശത്തിലുള്ള ജല വിഹിതവും നഷ്‌ടപ്പടാന്‍ കാരണമായേക്കുമെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ജല ദൗര്‍ലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അന്തര്‍ സംസ്‌ഥാന ജല തര്‍ക്കങ്ങള്‍ കൂടുതല്‍ സജീവമാവുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിന്റെ ജല വിഹിതത്തിനായി തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha