ആ പാവപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുമോ? സ്റ്റേഷനില്‍ ഹനീഷ തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്‌ച പറ്റിയിട്ടുണ്ടെന്ന് ചെന്നിത്തല

അവസാനം ആ പാവപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരിയ പ്രതീക്ഷ നല്‍കിക്കൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തി. മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്‌ഡങ്ങള്‍ അനീഷയുടെ കാര്യത്തില്‍ പാലിച്ചിരുന്നില്ല. ചട്ടങ്ങള്‍ ലംഘിച്ച് സ്റ്റേഷന്‍ സന്ദര്‍ശിച്ച് ഹനീഷയെ ചോദ്യം ചെയ്‌ത കുറ്റിപ്പുറം എസ്‌ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ചെന്നിത്തല ഉത്തരവിട്ടു.
ഈ പാവപ്പെട്ട പെണ്‍കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതോ? സങ്കടത്തോടെ വീട്ടുകാര്‍
തങ്ങളുടെ വീടിന്റെ അത്താണിയായിരുന്ന ഉപ്പ എട്ടുമാസം മുമ്പ് ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതോടെ തികച്ചും ദാരിദ്ര്യത്തിലായിപ്പോയി ഹനീഷ എന്ന 23 കാരിയുടെ ജീവിതം. ഉമ്മയും രണ്ട് സഹോദരന്മാരും അടങ്ങുന്നതാണ് ഹനീഷയുടെ കുടുംബം. മൂത്ത ഇക്ക ഹനീഷ് ക്വാറിയിലാണ് ജോലി ചെയ്യുന്നത്. ഇളയ സഹോദരന്‍ റമീഷിന് പന്തല്‍ ജോലിയുമാണ്. ഇവരുടെ സ്ഥിരതയില്ലാത്ത വരുമാനമാണ് ഹനീഷയുടെ വീടിന്റെ ആകെ സമ്പാദ്യം. ബാപ്പയുടെ അകാല മരണത്തിന്റെ ആഹാതത്തോടൊപ്പം ആശുപത്രി ചെലവുകളും മറ്റു കടങ്ങളുമെല്ലാം ഹനീഷയുടെ കുടുംബത്തിന്റെ താളം തെറ്റിച്ചിരുന്നു. ജീവനായ ഉപ്പയുടെ പെട്ടന്നുള്ള വേര്‍പാടില്‍ ഹനീഷയും ഉമ്മയും തകര്‍ന്നു പോയി. എത്രയും പെട്ടെന്ന് തന്റെ വിവാഹം നടത്തണമെന്നായിരുന്നു ഉപ്പയുടെ ആഗ്രഹം. ഇടയ്‌ക്ക് ഒത്തുവന്ന ആലോചന ഉറപ്പിക്കുകയും ചെയ്‌തു. അതിനിടയ്‌ക്കാണ് എല്ലാം തകര്‍ത്തു കൊണ്ടുള്ള ഉപ്പയുടെ മരണം.
ഉപ്പയുടെ മരണത്തോടെ കുറച്ചുകാലം വീട്ടില്‍ ചടഞ്ഞു കൂടിയിരുന്ന ഹനീഷ പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഉമ്മയ്‌ക്ക് ഒരു കൈത്താങ്ങാവാന്‍ പല സ്ഥലങ്ങളിലും ജോലിയന്വേഷിച്ചു. അവസാനം രണ്ടുമാസം മുമ്പ് കോട്ടയ്‌ക്കലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി കിട്ടി. അവിടെ നിന്നും കിട്ടിയ തുശ്ചമായ ശമ്പളം കടം തീര്‍ക്കാനായി ശേഖരിച്ചു വച്ചു. ഇതിനിടെ ഉപ്പ ഉറപ്പിച്ച വിവാഹം കേമമായി നടത്താന്‍ ശേഷിയില്ലാതെ തൊട്ടടുത്ത് വച്ചു നടക്കുന്ന സമൂഹ വിവാഹത്തില്‍ അനീഷയുടെ വിവാഹവും നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു.
അങ്ങനെ ഹനീഷ എന്ന പറക്കമുറ്റാത്ത 23 കാരി ജീവിതം കെട്ടിപ്പെടുക്കുന്നതിനിടയിലാണ് മോഷണക്കുറ്റമാരോപിച്ച് പോലീസ് പിടിയിലാകുന്നത്. പിതാവിന്റെ മരണത്തോടെ തകര്‍ന്നടിഞ്ഞിരുന്ന കുടുംബത്തിനേറ്റ അതിലും വലിയ ഷോക്കായിരുന്നു ഈ വാര്‍ത്ത. പ്രായപൂര്‍ത്തിയായ തന്റെ മകള്‍ പോലീസ് സ്റ്റേഷനില്‍ . ഒരു പെണ്‍കുട്ടിയുടെ ഭാവി ജീവിതം തകരാന്‍ വേറെന്തു വേണം? അപമാന ഭാരത്താല്‍ ആ കുടുംബത്തിന്റെ ചങ്കു തകര്‍ന്നു.
ഏപ്രില്‍ 23 ബുധനാഴ്‌ചയാണ് ഹനീഷയെ പോലീസ് പിടികൂടുന്നത്. വൈകിട്ട് അഞ്ചരയ്‌ക്കാണ് ഹനീഷ ഉമ്മയെ സ്റ്റേഷനില്‍ നിന്നും ഫോണ്‍ വിളിച്ചത്.
വിവരമറിഞ്ഞ ഉമ്മയും സഹോദരന്‍ ഹനീഷും നേരെ സ്റ്റേഷനിലേക്കോടി. 6 മണിയോടെ ചങ്ങരംകുളം സ്റ്റേഷനിലെത്തിയ ഇവരോടൊപ്പം പോകാന്‍ ഹനീഷ താത്‌പര്യപ്പെട്ടെങ്കിലും പോലീസുകാര്‍ അതിന് സമ്മതിച്ചില്ല.
എടിഎം കാര്‍ഡ് മോഷ്‌ടിച്ച് ഹനീഷയും സുഹൃത്തും സഹപാഠിയുമായിരുന്ന വിപിനും ചേര്‍ന്ന് പണം പിന്‍വലിച്ചു എന്നാണ് പോലീസ് ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന കേസ്.
തന്റെ മകള്‍ നരപരാധിയാണെന്നും മകള്‍ക്ക് ഈ മോഷണത്തില്‍ ഒരു പങ്കും ഇല്ലെന്നാണ് ഉമ്മ സുബൈദ പറയുന്നത്. ഹനീഷയും വിപിനും സ്‌കൂളില്‍ ഒരുമിച്ചാണ് പഠിച്ചത്. ആ സൗഹൃദം അവര്‍ ഇപ്പോഴും തുടരുന്നതായും സുബൈദ പറഞ്ഞു. ഒരിക്കല്‍ എടിഎമ്മില്‍ പണം പിന്‍വലിക്കാന്‍ സുബൈദയും ഒപ്പം പോയി. വിപിന്റെ സഹോദരിയുടെ കല്യാണത്തിന് വേണ്ടി പണം പിന്‍വലിക്കാന്‍ കൂടെ ചെല്ലണമെന്നു പറഞ്ഞതിനാലാണ് സുബൈദ പോയത്. എടിഎമ്മില്‍ നിന്നും പണം എടുത്തശേഷം വിപിന് കൈമാറുകയും ചെയ്‌തു എന്ന് സുബൈദ പറഞ്ഞു.
എന്നാല്‍ സുബൈദയോ ഉമ്മയോ പറഞ്ഞത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായില്ല. എന്തായാലും ഹനീഷയെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസ് അനുവദിച്ചില്ല. കേസും രജിസ്‌ററര്‍ ചെയ്‌തില്ല.
തുടര്‍ന്ന് ആരും സഹായിക്കാനില്ലാതെ ഉമ്മയും മകനും വീട്ടിലേക്ക് പോയി. ഇതിനിടെ ബന്ധുക്കളുടേയും നാട്ടുകാരുടേയും മുനവച്ച കഥകള്‍ കൂടി. ആ കുടുംബം അന്ന് കരഞ്ഞു നേരം വെളുപ്പിച്ചു. രാവിലെയായപ്പോഴാണറിയുന്നത് ഹനീഷ സ്റ്റേഷനില്‍ തൂങ്ങിമരിച്ചെന്ന്. സങ്കല്‌പിക്കാന്‍ പോലും പറ്റാത്ത വാര്‍ത്ത ആ കുടുംബത്തെ വേദനയുടെ ആഴക്കടലിലാക്കി.
വെളുപ്പാന്‍ കാലത്ത് വനിതാ പോലീസുകാരി ബാത്ത്‌റൂമില്‍ പോകുന്ന തക്കത്തിന് ഹനീഷ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. ഹാളിലുള്ള ബെഞ്ചുകള്‍ കൂട്ടിയിട്ട് ഷാള് കൊണ്ട് ഫാനില്‍ കെട്ടിത്തൂങ്ങിയെന്നെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ആ ഉമ്മയും കുടുംബവും വിശ്വസിക്കുന്നത്. ആരും അടുത്തില്ലാത്ത അല്‍പനേരം കൊണ്ട് ഹനീഷയ്‌ക്ക് എങ്ങനെ തൂങ്ങിച്ചാവാന്‍ കഴിയും എന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. ഹനീഷയെ പോലീസുകാര്‍ കൊന്ന് കെട്ടി തൂക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഹനീഷ മരിച്ചതോടെ, ഹനീഷ തട്ടിപ്പു സംഘത്തിലെ കണ്ണിയാണെന്നും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവ ഒന്നും തന്നെ പോലീസ് വിശദമായി അന്വേഷിച്ചിട്ടുമില്ല. ഇതിനിടെ ഹനീഷയോടൊപ്പം അറസ്റ്റു ചെയ്‌ത വിപിനെ വിട്ടയയ്‌ക്കുകയും ചെയ്‌തു.
ഹനീഷയുടെ അറസ്റ്റ് രേഖപ്പെടുത്താത്ത പോലീസ് പറയുന്നത് ഹനീഷയെ സ്റ്റേഷനിലെത്തിച്ചത് രാത്രി 7.15നാണെന്നാണ്. എന്നാല്‍ ഹനീഷയുടെ ഉമ്മ പറയുന്നത് തങ്ങള്‍ 6 മണിക്ക് സ്റ്റേഷനിലെത്തി മകളെ കണ്ടെന്നാണ്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പോലീസ് നല്‍കിയ മൊഴിയിലും നിറയെ വൈരുദ്ധ്യമായിരുന്നു.
ഡല്‍ഹി സംഭവത്തില്‍ തിളച്ചു മറിഞ്ഞ കേരള സമൂഹം പാവപ്പെട്ട ഈ പെണ്‍കുട്ടിയ്‌ക്ക് വേണ്ടി വാദിച്ചില്ല. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി മോഷണക്കുറ്റത്തിന്റെ പേരില്‍ 23കാരിയായ സുന്ദരി പെണ്‍കുട്ടിയെ അറസ്റ്റു രേഖപ്പെടുത്താതെ സ്റ്റേഷനില്‍ പാര്‍പ്പിച്ചു. രാവിലെ ആയപ്പോള്‍ ആത്മഹത്യ.
ആരോരും തുണയില്ലാത്ത ഈ കുടുംബത്തിന്റെ കണ്ണീരാരു കേള്‍ക്കാന്‍ ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha