ചീഫ് സെക്രട്ടറിക്കെതിരെ സ്വാമി ഉറച്ചു നിന്നാല്‍ അന്വേഷണം വരും

ചീഫ് സെക്രട്ടറി ഭരത് ഭൂഷനെതിരെ ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. സ്വന്തം ഇഷ്‌ടപ്രകാരം പ്രവര്‍ത്തിക്കുന്ന ചീഫ് സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയും സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. വകുപ്പു സെക്രട്ടറിമാരുടെ വിരോധം വര്‍ധിച്ചാല്‍ ചീഫ് സെക്രട്ടറിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായേക്കും.
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി ഭരത് ഭൂഷനെതിരെ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്.
മൂന്നാര്‍ ഒഴിപ്പിക്കലിനോട് ഉമ്മന്‍ചാണ്ടിക്ക് വ്യക്തിപരമായി താല്‍പര്യമില്ലെങ്കിലും സ്വാമിയുടെ ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാതിരിക്കാനാവില്ല. സ്വാമിയുടെ പരാതിയില്‍ തൂങ്ങി ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടന രംഗത്തു വന്നാല്‍ മുഖ്യമന്ത്രിക്ക് ഒഴിയാനാകില്ല. മുതിര്‍ന്ന പല ഐ.എ.എസുകാരും ചീഫ് സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തരാണ്.
ഇതിനിടെ അരുണാസുന്ദര്‍രാജന് നല്‍കേണ്ട അഡീഷണല്‍ ചീഫ് സെക്രട്ടറി പദ്ധതി പി.ജെ. കുര്യന്‍ നല്‍കിയത് ചീഫ് സെക്രട്ടറിയെ പുതിയ വിവാദത്തിലാക്കി. അരുണാസുന്ദര്‍രാജ് പഠനാവധിക്ക് പോയപ്പോഴാണ് പി.ജെ. കുര്യന് സ്ഥാനക്കയറ്റം നല്‍കിയത്. അരുണ തിരികെയെത്തി അഡീഷണല്‍ ചീഫ് സെക്രട്ടറി പദവി ചോദിച്ചപ്പോള്‍ ചീഫ് സെക്രട്ടറി കൈ മലര്‍ത്തി. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ നവംബറിലാണ് വിരമിക്കുന്നത്. അവര്‍ വിരമിക്കുമ്പോള്‍ പി.ജെ. കുര്യന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും. കുര്യന് നല്‍കിയ പദവി എടുത്തുമാറ്റുന്നതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ല. എങ്ങനെയെങ്കിലും നവംബര്‍ കഴിയട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ താത്‌പര്യം. ചീഫ് സെക്രട്ടറിയുടെ തെറ്റായ ഉപദേശങ്ങളാണ് കാര്യങ്ങള്‍ കുഴപ്പിച്ചത്.
ഇതിനിടെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് താന്‍ തയ്യാറാക്കുമെന്ന ചീഫ് സെക്രട്ടറിയുടെ പ്രസ്‌താവനയും വിവാദമായി. സാധാരണ വകുപ്പുമന്ത്രിമാരാണ് സി.ആര്‍. ഒപ്പിടാറുള്ളത്. ഇത് തനിക്ക് എതിര്‍പ്പുള്ള ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ഐ.എ.എസുകാര്‍ പറയുന്നു. രാജു നാരായണസ്വാമിയും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha