ടി പി കേസ്; പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതായി തെളിവുകള്‍

ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണാവേളയില്‍ 52 സാക്ഷികള്‍ കൂറുമാറാനുണ്ടായ കാരണം തടവില്‍ കഴിയുന്ന പ്രതികളുടേയും ഇവര്‍ക്കായി പുറത്തുനിന്നവരുടേയും ഉന്നതസ്വാധീനമാണെന്നത് തെളിയുന്നു. വ്യാഴാഴ്‌ച പോലീസ് അറസ്‌റ്റ് ചെയ്‌ത ഏഴുപേരുടെ ഇടപെടലിന്റെ പശ്ചാത്തലം ഇക്കാര്യം ബലപ്പെടുത്തുന്നുണ്ട്.
പ്രതികള്‍ക്ക് പുറത്തേക്ക് വിളിക്കാനും ഫെയ്‌സ് ബുക്ക് ഉപയോഗിക്കാനും സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും വാങ്ങി നല്‍കിയ ബന്ധുക്കളും സുഹൃത്തുക്കളും അറസ്‌റ്റിലായതോടെയാണ് സാക്ഷികളെ സ്വാധീനിച്ച് കൂറുമാറാന്‍ ശക്തമായ ഇടപെടലുണ്ടായിരുന്നുവെന്ന വസ്‌തുതയിലേക്ക് വെളിച്ചം വീശുന്നത്.
എരഞ്ഞിപ്പാലം മാറാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണാവേളയില്‍ 166 സാക്ഷികളില്‍ 52 പേരാണ് കൂറുമാറിയത്. ഇത് കേസിനെ സ്വാധീനിച്ചതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കൂറുമാറ്റം ഉണ്ടായതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യമുണ്ടായിരുന്നെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ ഈ ആവശ്യം പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീടാണ് പ്രതികള്‍ ജയിലില്‍ നിന്ന് ഫേസ്‌ബുക്ക് ഉപയോഗിച്ചുവെന്നും മൊബൈല്‍ ഫോണ്‍ വഴി പുറത്തേക്ക് വിളിച്ചുവെന്ന കാര്യവും പുറത്തുവന്നത്. ഇതോടെ സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചിരുന്നുവെന്ന കാര്യം ഉറപ്പായി.
വ്യാഴാഴ്‌ച അറസ്റ്റിലായ പ്രതികള്‍ വഴിയായിരിക്കാം സാക്ഷികളെ സ്വാധീനിച്ചതെന്നാണ് പറയപ്പെടുന്നത്. മാഹി പാറാല്‍ സ്വദേശികളായ എസ്. രാഹുല്‍(20), പി.പി. രാഹുല്‍(23), സി.രമിത്(23), മാഹി നാലുതറ വിജിത്‌കുമാര്‍(28), പാനൂര്‍ ചമ്പാട് ടി. പ്രത്യുഷ്(24), പാനൂര്‍ ചെണ്ടയാട് എം.അജേഷ്‌കുമാര്‍(28), ചൊക്ലി ഈസ്റ്റ് പള്ളൂര്‍ എ.പി. അക്ഷയ്(19) എന്നിവരെയാണ് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇവര്‍ സ്വന്തം പേരിലും വ്യാജരേഖ ചമച്ചും 16 സിം കാര്‍ഡുകള്‍ വാങ്ങിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തലശേരി കോടതിയില്‍ പ്രതികളെ ഹാജരാക്കിയപ്പോഴാണ് സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും കൈമാറിയതെന്നാണ് വിവരം.?
ജയിലില്‍ നിന്ന് പ്രതികള്‍ ആയിരത്തിലേറെ തവണ പുറത്തേക്ക് വിളിച്ചതായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. സാക്ഷി വിസ്‌താരകാലം മുതല്‍ പ്രതികള്‍ പുറത്തേക്ക് വിളിച്ചിരുന്നുവെന്നാണ് ഇക്കാര്യം തെളിയിക്കുന്നത്. പ്രതികള്‍ തങ്ങളുടെ അഭിഭാഷകരെ വിളിച്ചിരുന്നുവെന്നും അത് തെറ്റല്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തെ തള്ളുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ തെളിവുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha