വ്യാജ തെളിവ് ഉണ്ടാക്കി തന്നെ കേസില്‍ കുടുക്കി; നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപിന്റെ കത്ത്

നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് നടൻ ദിലീപ് കത്തയച്ചു. തന്നെ കേസിൽ കുടുക്കിയതാണെന്നും, ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്കും എ.ഡി.ജി.പി സന്ധ്യയ്ക്കും ഇതിൽ പങ്കുണ്ടെന്നും ദിലീപ് ആരോപിച്ചു.വ്യാജ തെളിവ് ഉണ്ടാക്കി തന്നെ കേസില്‍ കുരുക്കുകയായിരുന്നു എന്ന് 12 പേജുള്ള കത്തില്‍ ദിലീപ് വിവരിക്കുന്നുണ്ട്.
താന്‍ അറസ്റ്റിലായതോടെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടു ഇവരെ പിടികൂടണമെന്നും, ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പാണ് നടന്‍ കത്തയച്ചത്. കത്ത് കിട്ടിയെന്നും പരിശോധിച്ചു വരികയാണെന്നും സർക്കാർ അറിയിച്ചു.
പദവിക്ക് യോജിക്കാത്ത പ്രവര്‍ത്തിയാണ് ഡിജിപി ബെഹ്‌റയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഏപ്രിൽ പത്തിനാണ് പൾസർ സുനിയുടെ ആളുകൾ തനിക്കെതിരെ ഭീഷണിയുയർത്തി സംവിധായകൻ നാദിർഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ നേരിട്ടുകണ്ട് പരാതി നൽകുകയും ചെയ്തു. ഏപ്രിൽ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയിൽ ഫോൺ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാൻ പോലീസ് തയാറായിട്ടില്ലെന്നും, തന്നെ കുടുക്കാനാണ് പോലീസ് ശ്രമിച്ചതെന്നും കത്തിൽ ദിലീപ് കുറ്റപ്പെടുത്തുന്നു.
അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിനിർത്തി വീണ്ടും അന്വേഷണം നടത്തണം. കേസ് സിബിഐക്കു വിടുകയോ ഇവരെ ഉൾപ്പെടുത്താതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണ സംഘം കൊണ്ടുവരികയോ വേണം.
ആലുവ റൂറൽ എസ്പി എവി ജോർജ്, ക്രൈംബ്രാഞ്ച് എസ്പി സുദർശൻ, ഡിവൈഎസ്പി സോജൻ വർഗീസ്, ആലുവ സിഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തിൽനിന്നു മാറ്റിനിർത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘം കുറ്റപത്രം പൂർത്തിയാക്കി സമർപ്പിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം.
https://www.facebook.com/Malayalivartha






















