വർഷങ്ങളായുള്ള കുറ്റബോധത്തിൽ നീറിപുകഞ്ഞ് അമ്മ; മകന്റെ കാഴ്ച നഷ്ടപ്പെടാൻ കാരണക്കാരിയായെങ്കിലും ഒടുവിൽ അപകടത്തിൽ പൊലിഞ്ഞ അമ്മയുടെ കണ്ണുകൾ മകന് വെളിച്ചമാകും

അരുമമകന്റെ ഇടതുകണ്ണ് കൈയബദ്ധത്തിൽ നഷ്ടപ്പെടുത്തിയ ആ അമ്മയുടെ ജീവിതം അപകടത്തിൽ പൊലിയും വരെ കുറ്റബോധവും വേദനയും ചാലിച്ചതായിരുന്നു. ഹൃദയവേദന കണ്ണീർച്ചാലുകളായി ഒഴുകിയ അവരുടെ കണ്ണുകളിൽ ഒരെണ്ണം തന്റെ മരണാനന്തരം മകന് നൽകിയ കാര്യം ആ അമ്മ അറിഞ്ഞിട്ടില്ല.
താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി കണ്ണ് ചാരേത്ത് കൃഷ്ണഗാഥയിൽ രാജൻ പിള്ളയുടെ ഭാര്യ രമാദേവി (50)യുടെ കണ്ണ് ഇനി മൂത്തമകനായ ബിഎസ്സി നേഴ്സിങ് ബിരുദധാരി ഗോകുൽ രാജിന്റെ (27) കണ്ണിന് വെളിച്ചമാകും.
ഫെബ്രുവരി ആറിന് വൈകിട്ട് ഇളയ മകൻ കാട്ടാക്കട വിജ്ഞാൻ കോളേജ് ബിസിഎ വിദ്യാർഥി രാഹുൽ രാജിനൊപ്പം (23) ബൈക്കിന് പിറകിൽ സഞ്ചരിക്കുമ്പോഴാണ് ഹമ്പിൽ കയറി തെറിച്ചുവീണ് രമാദേവിയ്ക്ക് പരിക്കേറ്റതും കായംകുളം ആശുപത്രിയിൽ മരിച്ചതും.
വണ്ടാനം മെഡിക്കൽ കോളേജിലെ നേത്ര വിഭാഗത്തിലെ ഡോ. ഗീതുവിന്റെ നേതൃത്വത്തിലുള്ള സംഘം കായംകുളത്തെത്തി രമാദേവിയുടെ ഇരുകണ്ണുകളും നീക്കി. ഇതിലൊരെണ്ണമാണ് മകന്റെ നഷ്ടപ്പെടുത്തിയ കണ്ണിന് കാഴ്ചയാകുന്നത്. ആറാം വയസ്സിൽ ഗോകുൽ രാജിന്റെ ഇടതുകണ്ണിലെ കാഴ്ച പോയത് അമ്മയുടെ കൈയബദ്ധം കൊണ്ടായിരുന്നു. രമാദേവി പശുവിനെ അഴിച്ചുകൊണ്ടു വരുമ്പോൾ കുതറിയോടി. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഗോകുൽ രാജിനെ ആക്രമിക്കുമെന്ന ഭീതിയിൽ രമാദേവി പശുവിനെ കല്ലെറിഞ്ഞു.
ഒരു കല്ല് ഗോകുൽ രാജിന്റെ കണ്ണിൽ തറച്ചു. കാഴ്ച ലഭിക്കാൻ കണ്ണ് മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. തന്റെ കണ്ണ് നൽകാമെന്ന് അമ്മ രമാദേവി നിർബന്ധിച്ചുവെങ്കിലും ഗോകുൽദാസ് സമ്മതിച്ചിരുന്നില്ല. ഒടുവിൽ അമ്മയുടെ കണ്ണുതന്നെ ഇപ്പോൾ ഗോകുൽ രാജിന് വയ്ക്കാൻ ഇടവന്നു.
കണ്ണുകളെടുത്ത രമാദേവിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മോർച്ചറിയിലേക്കു മാറ്റി. വ്യാഴാഴ്ച രാവിലെ രമാദേവിയുടെ സംസ്കാരം നടക്കുമ്പോളും കണ്ണ് ഏറ്റുവാങ്ങാൻ ഗോകുൽ രാജ് സന്നദ്ധനായില്ല.സുഹൃത്തുക്കളുടെ അക്ഷീണ പരിശ്രമമാണ് ഗോകുൽരാജിന്റെ മനസ്സ് മാറ്റിയത്. രമാദേവിയുടെ സംസ്കാരം കഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കണ്ണ് മാറ്റിവച്ചു
https://www.facebook.com/Malayalivartha