ജന്മ സാഫല്യം നടന്നതിന്റെ ആവേശത്തില്‍ ആദി

മുഖ്യമന്ത്രി പിണറായി വിജയനെ കാണണം എന്ന തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ആദി. മുഖ്യമന്ത്രിയെ കാണണം എന്ന് പറഞ്ഞ് ആദി വാശിപിടിക്കുകയും മകന്റെ ആവശ്യം അറിയിച്ച് അമ്മ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആദിയുടെ ആഗ്രഹം അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി കണ്ടതോടെ ആദിയുടെ ആഗ്രഹം സാധിച്ചു നല്‍കാം എന്ന് മുഖ്യമന്ത്രി വാക്കു നല്‍കി. വാക്കുപാലിച്ചതോടെ ആദി ആഗ്രഹിച്ചതു പോലെ മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിക്കൊപ്പം മതിവരുവോളം സംസാരിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു ആദി ആഗ്രഹിച്ച കൂടിക്കാഴ്ച നടന്നത്. കണ്ണൂരിലെത്തിയാല്‍ കാണാമെന്ന് ആദിക്ക് നല്‍കിയ വാക്ക് മുഖ്യമന്ത്രിയും പാലിച്ചു.
കണ്ണൂരിലെ ഔദ്യോഗിക പരിപാടികള്‍ക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനാണ് മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തിയത്. ഉച്ചക്ക് രണ്ടുമണിയോടെയാണ് അമ്മയ്‌ക്കൊപ്പം ആദിയുമെത്തിയത്. ആദി എത്തുമ്പോള്‍ സിപിഐഎം നേതാക്കളായ പി ജയരാജന്‍, കെകെ രാഗേഷ്, ടി കൃഷ്ണന്‍ എന്നിവരുമായുള്ള ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രി. ആദി എത്തിയ ഉടന്‍ എല്ലാം മാറ്റിവെച്ച് മുഖ്യമന്ത്രി ആദിയെ അടുത്തേക്ക് വിളിച്ചു. ആദിയുടെ വിശേഷങ്ങളായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ചിരപരിചിതനെ പോലെ മുഖ്യമന്ത്രിയോട് ആദി എല്ലാത്തിനും മറുപടി നല്‍കി. സംസാരത്തിനിടയില്‍ ആദി അമ്മയുടെ കയ്യിലിരുന്ന സമ്മാനപൊതി അഴിച്ചു. കൊണ്ടുവന്ന സമ്മാനം മുഖ്യമന്ത്രിക്ക് കൈമാറി. സമ്മാനം കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്ത് ചിരി വിടര്‍ന്നു. ആദി വരച്ച മുഖ്യമന്ത്രിയുടെ പടമായിരുന്നു അത്. തന്റെ കൂട്ടുകാരനാണ് ചിത്രം വരക്കാന്‍ പ്രേരകമായതെന്ന് ആദി മുഖ്യമന്ത്രിയോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചിത്രം വരക്കണമെന്ന ആഗ്രഹം ആദ്യം പറയുന്നത് ചിത്രം വരക്കാനറിയുന്ന കൂട്ടുകാരനോടായിരുന്നു. ആദിക്ക് അതിന് കഴിയില്ലെന്നായിരുന്നു മറുപടി. അതോടെ പടം വരക്കുമെന്ന് ആദി തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ ചിത്രം ആദി മനോഹരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. ആദിയെ കാണുമ്പോള്‍ കൈമാറാന്‍ സൂക്ഷിച്ചിരുന്ന സമ്മാനം മുഖ്യമന്ത്രിയും കൈമാറി . നന്നായി പഠിക്കണമെന്ന ഉപദേശത്തോടെ ഒരു പേനയാണ് ആദിക്ക് സമ്മാനമായി നല്‍കിയത്. കാണാന്‍ വീണ്ടും വരുമെന്ന് പറഞ്ഞാണ് ആദി ഗസ്റ്റ് ഹൗസില്‍ നിന്നും മടങ്ങിയത്. എപ്പോള്‍ വരുമെന്ന് ചോദിച്ചപ്പോള്‍ പത്താം ക്ലാസ് കഴിഞ്ഞെന്ന മറുപടി ചിരി പടര്‍ത്തി.
മുഖ്യമന്ത്രിയെ കാണാന്‍ വാശിപിടിക്കുന്ന ആദിയുടെ വീഡിയോ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് കൂടിക്കാഴ്ചക്ക് വഴി ഒരുക്കിയത്. വീഡിയോ കണ്ട മുഖ്യമന്ത്രി ആദിയെ ഫോണില്‍ വിളിക്കുകയും കണ്ണൂരില്‍ വരുമ്‌ബോള്‍ കാണാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷം ആദ്യം കണ്ണൂരിലെത്തിയ സന്ദര്‍ഭത്തില്‍ തന്നെ മുഖ്യമന്ത്രി ആദിയെ കാണാന്‍ സമയം കണ്ടെത്തി.
https://www.facebook.com/Malayalivartha