കൊച്ചിയിൽ നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്യസംസ്ഥാനക്കാരനായ യുവാവ് പിടിയിൽ

കൊച്ചിയിൽ നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യസംസ്ഥാനക്കാരനായ യുവാവ് പിടിയിലായി. സംഭവത്തിൽ മുഹമ്മദ് ഇബ്നുള്‍ റഹ്മാൻ (31) എന്ന യുവാവാണ് മുത്തച്ഛനൊപ്പം പോയ നാലു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. അന്യ സംസ്ഥാനക്കാരനായ മുഹമ്മദ് ഇബ്നുള്‍ റഹ്മാനെയാണ് (31) നാട്ടുകാര്‍ പിടികൂടി പാലാരിവട്ടം പോലീസിന് കൈമാറിയത്. തമ്മനം ഇലവുങ്കല്‍ റോഡില്‍ ശനിയാഴ്ച രാവിലെയായിരുന്നു കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമമുണ്ടായത്. മുത്തച്ഛന്‍ ചെറുമകനുമായി മുടിവെട്ടാൻ പോയശേഷം ബാർബർഷോപ്പിൽ നിന്നും മടങ്ങി വരവെയാണ് ഇയാൾ പിന്നാലെ ഓടി വരികയും കുട്ടിയെ വാരിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
മുത്തച്ഛൻ തടയാന്‍ ശ്രമിച്ചെങ്കിലും തള്ളിയിടാൻ ശ്രമിച്ചു. ഇത് കണ്ട പരിസരവാസികള്‍ ഓടിയെത്തി യുവാവിനെ തടയുകയായിരുന്നു. പാലാരിവട്ടം പോലീസ് എത്തി യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. മാനസികാസ്വാസ്ഥ്യമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു.
കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് തൃശ്ശൂരിലേക്കു കൊണ്ടുപോയത്. അസം സ്വദേശിയാണെന്നു കരുതുന്നു. തമ്മനം പള്ളിക്കു മുന്നില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ദിവസങ്ങള്‍ മുമ്പ് മുഹമ്മദ് ഇബ്നുളിനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് വിവരങ്ങള്‍ ശേഖരിച്ചു വിട്ടയച്ചിരുന്നതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha