മാധവിക്കുട്ടിയുടെ കസേരയിലിരുന്നാൽ കമലിന് പൊള്ളും; ശാരദക്കുട്ടി

കമലിന്റെ സ്ത്രീസങ്കൽപ്പമല്ല മാധവിക്കുട്ടിയുടേതെന്നും അവരുടെ കസേരയിലിരുന്നാൽ കമലിന് പൊള്ളുമെന്നും എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി. കേരള സാഹിത്യ അക്കാഡമിയുടെ ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് ഐക്യകേരളത്തിലെ സ്ത്രീ ജീവിതവും ഇന്ത്യയും എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് ശാരദക്കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.
''സ്വന്തം ശരീരത്തെ മുൻനിറുത്തിയുള്ള സമരം കൊണ്ടുമാത്രമേ സ്ത്രീശാക്തീകരണം പൂർണമായ അർത്ഥത്തിൽ നേടിയെടുക്കാനാകൂ. പുരുഷന്റെ ശരീരംകൊണ്ട് തങ്ങളെ മലിനമാക്കാനാവില്ലെന്ന ചങ്കൂറ്റത്തോടെ ജീവിതത്തെ ധീരമായി നേരിടുന്ന കാലത്തിലേക്കാണ് ലോകം പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. മഞ്ജുവാര്യർക്ക് പകരം വിദ്യാബാലൻ മാധവിക്കുട്ടിയായി അഭിനയിച്ചിരുന്നുവെങ്കിൽ ലൈംഗികത കടന്നുവരുമായിരുന്നുവെന്ന കമലിന്റെ വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നു. ലൈംഗികതയുടെ അതിരുകൾ ഭേദിച്ച, കപട ലൈംഗിക സദാചാരത്തെ തള്ളിക്കളഞ്ഞ, മാധവിക്കുട്ടിയെ ആവിഷ്കരിക്കുമ്പോൾ വിദ്യാബാലൻ എന്നതൊരു പ്രശ്നമൊന്നുമല്ല. മഞ്ജുവാര്യരാകുമ്പോൾ നീർമാതളമെന്നും നാലുമണിപ്പൂവെന്നുമൊക്കെ പറഞ്ഞത് വളരെ വിലകുറഞ്ഞതായി''- ശാരദക്കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha