കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു; ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് ആശുപത്രിയിൽ സംഘര്‍ഷം

കൊടുങ്ങല്ലൂരിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു. എറണാകുളം എടവനക്കാട് പുന്നിലത്ത് അന്‍സാറിന്റെ മകള്‍ ഫാത്തിമ നൗറിന്‍ ആണ് മരിച്ചത്. ഉച്ചയോടെ ഫാത്തിമ നൗറിന്‍ അമ്മ ഹസീനയ്ക്കും ബന്ധുവിനുമൊപ്പം എറിയാടുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. ചേരമാന്‍പള്ളിക്ക് തെക്കുവശം തിരുവഞ്ചിക്കുളം വളവില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മതിലിലിടിക്കുകയും റോഡിലേക്ക് മറിയുകയുമായിരുന്നു. തുടർന്ന് തലയ്ക്ക് ഗുരുതരപരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ഗൗരീശങ്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സ കിട്ടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും വിട്ടുനല്‍കിയില്ലെന്നും പുറമെനിന്നെത്തിയ ആംബുലന്‍സില്‍ നഴ്സിന്റെ സേവനം നല്‍കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതിനെക്കുറിച്ചുള്ള വാക്ക് തർക്കത്തിനിടെ ഡ്യൂട്ടി ഡോക്ടര്‍ വെള്ളാങ്ങല്ലൂര്‍ സ്വദേശി രാഹുല്‍മേനോന് (31) മര്‍ദനമേറ്റു. ഇദ്ദേഹത്തെ പരിക്കുകളോടെ ഗൗരീശങ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ അതിക്രമിച്ചുകയറിയ ഇരുപതോളംപേരാണ് ഡോക്ടറെ മര്‍ദിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വളരെ പെട്ടെന്ന് ആംബുലന്‍സ് വരുത്തി പരിക്കേറ്റ കുട്ടിയെയും ബന്ധുക്കളെയും പറഞ്ഞയയ്ക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, ഡോക്ടര്‍ തങ്ങളെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha