സാര്‍വദേശീയ വനിതാദിനത്തില്‍ 'സധൈര്യം മുന്നോട്ട്'

സാര്‍വദേശീയ വനിതാദിനമായ മാര്‍ച്ച് 8 ന് 'സധൈര്യം മുന്നോട്ട്' എന്ന പേരില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള സാഹചര്യം സൃഷ്ടിക്കുക, സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നീ ലക്ഷ്യങ്ങളുമായി മാര്‍ച്ച് 8 മുതല്‍ 14 വരെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വനിതാ ശിശു വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, എന്‍.എച്ച്.എം., കുടുംബശ്രീ, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, വിവിധ വനിതാ സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വി.ജെ.ടി. ഹാള്‍, സ്റ്റേഡിയം ഗ്രൗണ്ട്, മാനവീയം വിഥി തുടങ്ങിയ സ്ഥലങ്ങളിലായി പഠനക്ലാസ്, സെമിനാര്‍, സ്‌കില്‍ ഡെവലപ്‌മെന്റ് പരിപാടി, മാര്‍ഷര്‍ ആര്‍ട്‌സ്, ഫുട്‌ബോള്‍, പെയിന്റിംഗ്, മീഡിയ ഡിബേറ്റ്, രാത്രി കൂട്ടയോട്ടം, എക്‌സിബിഷന്‍, സിനിമാ പ്രദര്‍ശനം, തെരുവ് നാടകം, മറ്റ് സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു.
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, വനിതാ വികസന കോര്‍പറേഷന്‍ എം.ഡി. ബിന്ദു വി.സി., സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പി.എസ്. ശ്രീകല, സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സി ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ സോയ തോമസ്, പി. സതീദേവി, അഡ്വ. വസന്തം, സൂസന്‍ കോടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആരോഗ്യ വകുപ്പ് മന്ത്രിയെ സംഘാടക സമിതി ചെയര്‍പേഴ്‌സണായും വൈസ് ചെയര്‍പേഴ്‌സണായി വനിതാ കമ്മീഷന്‍ അധ്യക്ഷയേയും കണ്‍വീനറായി സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയേയും തെരഞ്ഞെടുത്തു.
https://www.facebook.com/Malayalivartha