ദീപശിഖാ റാലി ഇന്ന് തുടങ്ങും; റാലി വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും, പതാകജാഥ 17ന്

ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം വയലാറില്‍ നിന്നും പതാക കയ്യൂരില്‍ നിന്നും പ്രയാണം തുടങ്ങും. കേരളത്തിലെ 577 രക്തസാക്ഷി സ്മൃതി കുടീരങ്ങളില്‍ നിന്നും ദീപശിഖാ റാലികള്‍ ആരംഭിക്കും.
തിരുവനന്തപുരത്ത് ദീപശിഖാ റാലി പാറശ്ശാല ആനാവൂരിലെ സ. നാരായണന്‍നായര്‍ സ്മാരകത്തില്‍ നിന്ന് വ്യാഴാഴ്ച രാവിലെ 9ന് പ്രയാണം തുടങ്ങും. സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി നയിക്കുന്ന റാലി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പൈവെളികയില്‍ നിന്നാരംഭിയ്ക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം പൈവെളിക രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ നിര്‍വഹിക്കും. രക്തസാക്ഷി കുടീരങ്ങളില്‍നിന്നുള്ള പ്ലക്കാര്‍ഡുകളും പതാകയും വഹിച്ചായിരിക്കും അത്‌ലറ്റുകള്‍ നീങ്ങുക.
സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയുമായുള്ള ജാഥ 17ന് പകല്‍ ഒന്നിന് കയ്യൂര്‍ രക്തസാക്ഷി സ്മാരകത്തില്‍നിന്ന് പ്രയാണം തുടങ്ങും. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ലീഡറായ ജാഥ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ദീപശിഖാറാലിക്കൊപ്പം പ്രയാണം തുടരുന്ന ജാഥ വൈകിട്ട് ആറിന് കാലിക്കടവിലെത്തും. 6.30ന് കരിവെള്ളൂരില്‍വച്ച് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
സംസ്ഥാനസെക്രട്ടറിയറ്റയംഗം ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ വയലാറില്‍ നിന്നും ഫെബ്രുവരി 19 ന് ആരംഭിയ്ക്കുന്ന കൊടിമര ജാഥ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha