കാനം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച മൂര്‍ത്തിക്കെതിരെ മല്‍സരിച്ച് വിജയിച്ചാണ് വിജയന്‍ ചെറുകര വയനാട് സി.പി.ഐ നേതൃത്വം ഏറ്റെടുത്തത്; റവന്യൂമന്ത്രിയുടെ ഓഫീസിലേക്ക് പാസ് തരപ്പെടുത്തിയത് സംസ്ഥാന നേതൃത്വത്തിലെ ആരോ ആണെന്നാണ് വിജയന്റെ ആരോപണം

മിച്ചഭൂമി മറിച്ച് വില്‍ക്കാന്‍ സഹായ വാഗ്ദാനം നല്‍കിയ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര സ്ഥാനം രാജിവച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിജയന്‍ ചെറുകര അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ.ജെ ബാബുവും കാര്യങ്ങള്‍ വിശദീകരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചെങ്കിലും അതൊക്കെ താല്‍ക്കാലിക നടപിയാകുമെന്നാണ് അറിയുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പടച്ച് വിട്ട വ്യാജവാര്‍ത്തയാണിതെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്.
റവന്യൂമന്ത്രിയുടെ ഓഫീസില്‍ ഇടപാടുകാരന്‍ കുഞ്ഞുമുഹമ്മദിന് അടക്കം പ്രവേശിക്കാന്‍ താന്‍ ഇടപെട്ട് പാസ് തരപ്പെടുത്തിയെന്ന ആരോപണം ശരിയല്ല. തന്റെ അറിവില്ലാതെ നടന്ന ഈ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള ഒളിയമ്പാണ്. ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ തനിക്കെതിരെ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്‍പ്പെടെ വിജയന്‍ ചെറുകരയുടെ പ്രവര്‍ത്തനത്തില്‍ അത്ര തൃപ്തിയില്ലായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എ.ഐ.ടി.യു.സി നേതാവ് മൂര്‍ത്തിയെയാണ് കാനം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ വിജയന്‍ ചെറുകര ഉള്‍പ്പെട്ടെ വിഭാഗം അതിനെ എതിര്‍ത്ത് മല്‍സരിച്ച് വിജയിക്കുകയായിരുന്നു. അതിനാല്‍ മിച്ചഭൂമി പ്രശ്‌നത്തില്‍ കാനം വിജയന്‍ ചെറുകരയെ കൈവിടുമെന്നുറപ്പാണ്.
വയനാട്ടിലെ ടൂറിസം രംഗത്ത് വലിയൊരു നേട്ടം ഉണ്ടാകട്ടെ എന്ന നിലയിലാണ് താനിക്കാര്യത്തില്‍ ഇടപെട്ടതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും ഇ.ജെ ബാബു അറിയിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം സത്യന്‍ മുകേരി, കെ. രാജന്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. റവന്യൂമന്ത്രിയുടെ ഓഫീസിലേക്ക് പാസ് തരപ്പെടുത്തി കൊടുത്തത് ആരാണെന്ന് പാര്‍ട്ടി അന്വേഷിക്കണമെന്നും വിജയന്‍ ചെറുകര ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha