പിണറായി സര്‍ക്കാരിന്റെ കാലത്ത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന് പരോൾ അനുവദിച്ചത് 20 മാസത്തിനുള്ളില്‍ 15 തവണ

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തന് പിണറായി സര്‍ക്കാരിന്റെ കാലത്ത് പരോള്‍ അനുവദിച്ചത് 20 മാസത്തിനുള്ളില്‍ 15 തവണ. 193 ദിവസവും കുഞ്ഞനന്തന്‍ ജയിലിന് പുറത്തായിരുന്നു. സര്‍ക്കാര്‍ വന്ന 2016 മേയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോള്‍ ലഭിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
കണ്ണൂരിലെ പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയില്‍വാസക്കാലത്തു നടന്ന രണ്ടു സിപിഐഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തി. ഇത്തവണ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തില്‍ പങ്കെടുത്തു.
2016 മേയില്‍ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഇടതു സര്‍ക്കാര്‍ ജൂണിലും ഓഗസ്റ്റിലും മൂന്നു തവണയായി കുഞ്ഞനന്തനു 38 ദിവസമാണു പരോള്‍ നല്‍കിയത്. 2016ല്‍ മാത്രം പരോള്‍ ലഭിച്ചത് 79 ദിവസം. 2017ല്‍ ഇതു 98 ദിവസമായി. ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയുമാണ് അനുവദിച്ചത്. ഭാര്യയുടെ ചികില്‍സ, കുടുംബത്തോടൊപ്പം കഴിയാന്‍ എന്നീ രണ്ടു കാരണങ്ങള്‍ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോള്‍ നല്‍കിയത്.
https://www.facebook.com/Malayalivartha