സംസ്ഥാന വിവരാവകാശ കമ്മീഷണർമാർക്കായി സർക്കാർ തയ്യാറാക്കിയ പട്ടികയിൽ കേസിൽ ഉൾപ്പെട്ടവരും സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തതിന് നടപടി നേരിടുന്നവരും ; സർക്കാർ ശുപാർശയിൽ ഗവർണർക്ക് അതൃപ്തി

സംസ്ഥാന വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ പട്ടികയിൽ ഗവർണർക്ക് അതൃപ്തി. വിവരാവകാശ കമ്മീഷണർമാരായി സർക്കാർ ശുപാർശ ചെയ്തവർക്കു യോഗ്യത പോരായെന്ന് ഗവർണർ ചൂണ്ടിക്കാട്ടി . ഇതുസംബന്ധിച്ച് സർക്കാർ നൽകിയ പട്ടിക സ്വീകരിക്കാതെ ഗവർണർ മടക്കിയയച്ചു. പട്ടികയുടെ വിശദ പരിശോധനയ്ക്കായി നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥിനെ നിയോഗിച്ചു.
നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥിന്റെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഗവർണർ ഇനി പട്ടികയിൽ അന്തിമ തീരുമാനം എടുക്കുക. സർക്കാർ ശുപാർശ ചെയ്തവർക്കു മികവും യോഗ്യതയുമില്ലെന്നു ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് ഗവർണർ പി.സദാശിവം പട്ടിക മടക്കിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്നതിനുശേഷം വിഷയം ചർച്ചചെയ്തു നിയമ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സർക്കാർ ശുപാർശ ചെയ്തവരുടെ വിദ്യാഭ്യാസ യോഗ്യത, അധിക യോഗ്യത എന്നിവ അറിയിക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്
പട്ടികയിലെ അംഗങ്ങൾക്കെതിരെ ഗവർണർക്ക് എട്ടു പരാതികളാണു ലഭിച്ചത്. പട്ടികയിൽ ഉൾപ്പെട്ട ഒരാൾക്കെതിരെ കേസ് ഉണ്ടായിരുന്നുവെന്നും മറ്റൊരാൾ സഹകരണ ബാങ്കുകളിൽ നിന്ന് 60 ലക്ഷം രൂപ വായ്പ എടുത്തതിന് ആർബിട്രേഷൻ നേരിടുന്നുവെന്നുമാണു പരാതി. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയും ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്ന ഏഴു പേരുമാണു പരാതിക്കാർ. പട്ടികയിൽ ഉൾപ്പെട്ടവരെക്കാൾ തങ്ങൾക്കു യോഗ്യതയുണ്ടെന്നാണ് ഏഴു പേരുടെയും വാദം.
തസ്തികയിൽ അപേക്ഷിച്ച 192 പേരിൽ നിന്ന് അഞ്ചുപേരെ കണ്ടെത്തിയത് എങ്ങനെയെന്നു വ്യക്തമാക്കണം. അവരുടെ സർട്ടിഫിക്കറ്റുകൾ മാത്രമേ സർക്കാർ ആവശ്യപ്പെട്ടിരുന്നുള്ളൂ. 13 പേരുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണോ ഈ അഞ്ചു പേർ എന്നതു സംബന്ധിച്ച വിവരവും നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഗവർണർ ഇനി പട്ടികയിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.
https://www.facebook.com/Malayalivartha