മദ്യനയം ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് മന്ത്രി അനില്‍കുമാര്‍

സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍. കേരളത്തെ ബാധിച്ച സാമൂഹികപ്രശ്‌നം എന്ന നിലയില്‍ ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ മദ്യനയം തീരുമാനിച്ചതെന്നും അതില്‍ ടൂറിസം മേഖലയിലെ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ അടച്ചുപൂട്ടുന്നതുമൂലം വിനോദസഞ്ചാരികളുടെ വരവ് കുറയുമെന്ന അവരുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ശാസ്‌ത്രീയമായ പഠനം നടത്തും. അതിനുള്ള സംവിധാനങ്ങള്‍ ടൂറിസം വകുപ്പിനുണ്ട്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ മദ്യപിക്കാനാണ് വരുന്നതെന്ന കാഴ്‌ചപ്പാട് സര്‍ക്കാരിനില്ല. പക്ഷേ, വിനോദസഞ്ചാരികളുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് ടൂറിസം മേഖലയിലുള്ളവര്‍ മുന്നോട്ടുവച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ബാറുകള്‍ അടയ്‌ക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് കേരളത്തില്‍ നടക്കാനിരുന്ന സമ്മേളനങ്ങളും കണ്‍വന്‍ഷനുകളും റദ്ദായിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്‌ട്രീസ് പ്രസിഡന്റ് ഇ.എം.നജീബ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് എബ്രഹാം ജോര്‍ജ്, സെക്രട്ടറി പി.കെ.അനീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു. മദ്യനയത്തെ കുറിച്ച് സര്‍ക്കാര്‍ തീരുമാനത്തിനു ശേഷമുണ്ടായ ബുക്കിങ് റദ്ദാക്കലുകളുടെ വിവരങ്ങള്‍ നല്‍കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha