കുട്ടികളുടെ പ്രഥമ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം മലയാളി വാര്‍ത്തയ്ക്ക്; ചുരുങ്ങിയ കാലയളവില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ഇടം നേടിയ മലയാളി വാര്‍ത്തയ്ക്ക് ഇത് അഭിമാന നിമിഷം

കുട്ടികളുടെ പ്രഥമ രാജ്യാന്തര ചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം മലയാളി വാര്‍ത്ത കരസ്ഥമാക്കി. ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ശ്രദ്ധേയമായ മലയാളി വാര്‍ത്തയ്ക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്. മേയര്‍ വി.കെ പ്രശാന്തില്‍ നിന്നും മലയാളി വാര്‍ത്തയുടെ ചീഫ് എഡിറ്ററായ സോയിമോന്‍ മാത്യു അവാര്‍ഡ് ഏറ്റുവാങ്ങി.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായ ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത്, ബീനപോള്‍, ദീപക് എസ് പി, മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
മലയാളി വാര്‍ത്ത ഓണ്‍ലൈനിലും മലയാളി വാര്‍ത്ത ലൈവിലും കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയെപ്പറ്റി നല്‍കിയ മികച്ച എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് അര്‍ഹമായത് . കുട്ടികളുടെ ചലച്ചിത്രോത്സവത്തിന്റെ ശോഭ അതേ ആവേശത്തോടെയും പ്രാധാന്യത്തോടെയുമാണ് മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചലച്ചിത്രോത്സവ വേദിയിലും മലയാളി വാര്‍ത്തയുടെ ഓഫീസിലും ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നു.
മലയാളി വാര്‍ത്ത പേജിലും മലയാളി വാര്‍ത്ത ലൈവിലുമായി 13 ലക്ഷത്തിലധികം ഫേസ് ബുക്ക് ലൈക്കും അതിലേറെ വായനക്കാരും ഉള്ള ഓണ്‍ലൈന്‍ മാധ്യമമാണ് മലയാളിവാര്‍ത്ത. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ വായനക്കാര്‍ക്ക് യാതൊരു തടസവും കൂടാതെ മലയാളത്തില്‍ വായിക്കാന്‍ കഴിയുന്ന പ്രത്യേക സാങ്കേതിക വിദ്യയാണ് ഒരുക്കിയിരിക്കുന്നത്.
2012 ലാണ് മലയാളി വാര്‍ത്ത പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. എന്നാല്‍ മറ്റ് മുന്‍നിര പത്രങ്ങളെക്കാളുപരി മലയാളി വാര്‍ത്ത പെട്ടെന്ന് ഓണ്‍ലൈനില്‍ വൈറലായി. കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയ സമയത്ത് മലയാളി വാര്‍ത്ത നല്‍കിയ 'ആധാറിനായി അലയേണ്ട ആധാറിനെപ്പറ്റി അറിയേണ്ടതെല്ലാം' എന്ന ടെക്‌നോളജി പരമ്പര 50 ലക്ഷത്തിലധികം പേര്‍ ഷെയര്‍ ചെയ്തു.
വാര്‍ത്തകളുടെ സൂക്ഷ്മതയും ആരും നല്‍കാത്ത വാര്‍ത്തകളും മലയാളിവാര്‍ത്തയെ വ്യത്യസ്ഥമാക്കി. മലയാളി വാര്‍ത്ത കൊണ്ടു വന്ന പല സാമൂഹിക വിഷയങ്ങളും മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഒരൊറ്റ മാധ്യമ പ്രവര്‍ത്തകനുമായി വാടക കെട്ടിടത്തില്‍ തുടങ്ങിയ മലയാളി വാര്‍ത്തയ്ക്ക് ഇന്നിപ്പോള്‍ സ്വന്തമായി ഓഫീസും അറുപതിലധികം ജീവനക്കാരും എല്ലാ ജില്ലകളിലും റിപ്പോര്‍ട്ടര്‍മാരുമുണ്ട്. കേവലം 6 വര്‍ഷം കൊണ്ട് മലയാളി വാര്‍ത്ത മലയാളികളുടെ ഭാഗമായതിന് പിന്നില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ പിന്തുണയുണ്ട്.
https://www.facebook.com/Malayalivartha