സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം വൈറസ് ബാധ കണ്ടെത്തുന്നത്... തലച്ചോറിനെ ബാധിക്കുന്ന പ്രത്യേകതരം വൈറസാണ്; കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേര്‍ മരിച്ചതിനു പിന്നാലെ 25 പേര് നിരീക്ഷണത്തില്‍, ആറു പേര് ഗുരുതരാവസ്ഥയില്‍; ആശങ്കയോടെ കേരളം

കോഴിക്കോട്ട് അപൂര്‍വ്വയിനം വൈറസ് ബാധയെ തുടര്‍ന്ന് പനി ബാധിച്ച് മരണപ്പെട്ട യുവാവിന്റെ പിതാവും, പ്രതിശ്രുത വധുവും, ശുശ്രൂഷിച്ച നഴ്സും മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ബന്ധുവും പനി ബാധിച്ച് ആശുപത്രിയില്‍. കോഴിക്കോട് പേരാമ്ബ്ര സൂപ്പിക്കടയിലെ വളച്ചുകെട്ടി മൊയ്തുഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം (50), മറിയത്തിന്റെ ഭര്‍തൃസഹോദരന്റെ മക്കളായ മുഹമ്മദ് സാലിഹ് (26), സാബിത്ത് (23) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്.
സാലിഹിന്റെ പിതാവ് മൂസ (62), ബന്ധു നൗഷാദ്, സാലിഹിന്റെ പ്രതിശ്രുതവധു ആത്തിഫ (19) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മൂസയും നൗഷാദും കോഴിക്കോട്ടെ ആശുപത്രിയിലും ആത്തിഫ കൊച്ചിയിലെ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. സാലിഹിനെ ശുശ്രൂഷിച്ച നഴ്സിനും പനി ബാധിച്ചിട്ടുണ്ട്. പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് പുതുശ്ശേരി പശുക്കടവ് വീട്ടില്‍ ലിനിയാണ് (31) ആശുപത്രിയില്‍ കഴിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആറു പേരും രണ്ടുപേര്‍ കോഴിക്കോട്ടെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളിലുമാണ് പനി ബാധിച്ചവര്‍ ചികിത്സയിലുള്ളത്. ഇവരില്‍ അഞ്ചുപേര്‍ ഒരേ പ്രദേശത്തുനിന്നുള്ളവരാണ്. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരം വൈറസ്ബാധ കണ്ടെത്തിയത്. നിപാ വൈറസാണ് രോഗകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തലച്ചോറിനെ ബാധിക്കുന്ന പ്രത്യേകതരം വൈറസാണിത്. മണിപ്പാലിലെ കെഎംസി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച രക്തസാന്പിളുകളുടെ അന്തിമപരിശോധനാ ഫലം അറിഞ്ഞാലേ രോഗത്തപ്പറ്റി സ്ഥിരീകരണം നടത്താനാകൂവെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
അതേസമയം, പേരാന്പ്രയിലെ പനിമരണത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. അപൂര്‍വ വൈറസ് ബാധ കണ്ടെത്തിയ സ്ഥലത്ത് പ്രത്യേക മെഡിക്കല്‍ സംഘം ക്യാന്പ് ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തരുതെന്നും മന്ത്രി അറിയിച്ചു. പനി പ്രതിരോധിക്കാന്‍ ജില്ലാതല ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു.
https://www.facebook.com/Malayalivartha