കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു; കുട്ടികളില്‍ നല്ല ദൃശ്യസംസ്‌ക്കാരം രൂപപ്പെടുത്താന്‍ മേളയ്ക്ക് കഴിഞ്ഞെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

സാധാരണ സിനിമകള്‍ അത്ഭുത കാഴ്ചകളാണ് സമ്മാനിക്കുന്നതെങ്കില്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സിനിമകളാണ് ഒരാഴ്ച നീളുന്ന ബാല ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്, അതിലൂടെ ലോകത്തിന്റെ യാഥാര്‍ത്ഥ്യം കുട്ടികളുടെ മുന്നിലെത്തിയെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൃശ്യ അവബോധം ഇല്ലെങ്കില്‍ ശരിയും തെറ്റും തിരിച്ചറിയാനാകാത്ത കാലമാണ് ഇന്നത്തേതെന്നും അതിനാല്‍ ശരിയായ ദൃശ്യബോധം കുട്ടികളില്‍ സൃഷ്ടിക്കാന്‍ ചലച്ചിത്രമേളയ്ക്ക് ആയെന്നും സ്പീക്കര്‍ പറഞ്ഞു. കുട്ടിത്തത്തിന് മുന്നില്‍ സിനിമ എത്തുന്നതോടെ അവരുടെ സംസ്‌ക്കാരം കൂടിയാണ് രൂപപ്പെടുന്നത്. അതുകൊണ്ട് കുട്ടിത്തം സൃഷ്ടിക്കാന്‍ ശ്രദ്ധേയമായ ഇടപെടലാണ് സംസ്ഥാന ശിശുക്ഷേമസമിതി നേതൃത്വം ഈ മേളയിലൂടെ നടത്തിയിരിക്കുന്നത്. സ്വാതന്ത്ര്യം, ദൃശ്യഭാഷ, വിവരങ്ങള്‍ സംസ്‌കരിച്ചെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ കുരുന്നുകള്‍ക്ക് മനസിലാക്കാനായെന്നും സ്പീക്കര്‍ പറഞ്ഞു. പ്രക്രീയവല്‍ക്കരിക്കുന്ന വിദ്യാഭ്യാസം നിലവിലുള്ളപ്പോള്‍ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ നേട്ടം തന്നെയാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
കുട്ടികളുടെ സിനിമ ഇതുവരെ ജനശ്രദ്ധയാകര്‍ഷിച്ചിട്ടില്ല, അതിന് കഴിയുമെന്ന് ഈ മേള തെളിയിച്ചിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സിനിമ എടുക്കാനും അഭിനയിക്കാനും മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കാനുമുള്ള ആത്മവിശ്വാസം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
മേയര്‍ വി.കെ പ്രശാന്ത് മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെ പ്രസിഡന്റ് അദൈ്വത് പി.ആര്‍, കുട്ടികളുടെ സ്പീക്കര്‍ ആര്‍ച്ച. എ.ജെ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, കെ.എസ്.എഫ്.ഡി.സി എം.ഡി ദീപ ഡി. നായര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, താരദമ്പതികളായ സോണിയ- ബോസ്, ബാലരാതരം മാളവിക നായര്‍, മാസ്റ്റര്‍ ഗൗരവ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, കെ.എസ്.ഡി.സി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവരുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബാല ചലച്ചിത്രമേള സംഘടിപ്പിച്ചത്.
മേള ഏറ്റവും നന്നായി റിപ്പോര്‍ട്ട് ചെയ്തതിന് മലയാളമനോരമയ്ക്കും ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനും പ്രത്യേക പുരസ്‌ക്കാരം മാതൃഭൂമിക്കും കേരളകൗമുദിക്കും പ്രത്യേക പരാമര്‍ശം മെട്രോവാര്‍ത്തയ്ക്കും ലഭിച്ചു. ഏറ്റവും നല്ല ദൃശ്യമാധ്യമത്തിനുള്ള അവാര്‍ഡ് ജീവന്‍ ടി.വിക്കും മികച്ച റിപ്പോര്‍ട്ടര്‍മാക്കുള്ള പ്രത്യേക അവാര്‍ഡ് മാതൃഭൂമി ന്യൂസിലെ ജിഷ കല്ലിങ്കലിനും ഏഷ്യാനെറ്റ് ന്യൂസിലെ വി.പി വിനീതയ്ക്കും കൈരളി- പീപ്പിളിലെ ഷീജയ്ക്കും ന്യൂസ് 18ലെ ഗ്രീഷ്മ എസ്. നായര്‍ക്കും ജീവന്‍ ടി.വിയിലെ ധന്യാ ശേഖറിനും കിട്ടി. ആകാശവാണിക്ക് മികച്ച ബ്രോഡ്കാസ്റ്റിംഗ് പുരസ്‌ക്കാരവും 94.3 ബിഗ് എഫ്.എമ്മിന് പ്രത്യേക അവാര്‍ഡും ലഭിച്ചു. മികച്ച ഓണ്‍ലൈന്‍ മീഡിയയ്ക്കുള്ള അവാര്‍ഡ് മലയാളി വാര്‍ത്തയ്ക്ക് ലഭിച്ചു.
https://www.facebook.com/Malayalivartha