91ല്‍ വിജയകുമാറിനെ വെട്ടി ശോഭന സ്ഥാനാര്‍ഥിയായത് എങ്ങനെയെന്ന് കാമറയ്ക്ക് മുന്നില്‍ പറയാന്‍ പറ്റല്ലെന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍; പ്രതികരണം സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍

'91ല്‍ ശോഭന ജോര്‍ജ് സ്ഥാനാര്‍ഥിയാകുന്ന കാലത്ത്, 25 വര്‍ഷം മുന്‍പ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചയാളാണ് വിജയകുമാര്‍. അവസാനനിമിഷം പല കാരണങ്ങളുടെ പേരില്‍, അത് എനിക്കിപ്പോ കാമറയുടെ മുന്‍പില്‍ പറയാന്‍ പറ്റില്ല. ഈ പേര് വെട്ടി ശോഭന ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയതാണ്.' ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖ പരിപാടിക്കിടെ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞ വാക്കുകളാണിത്.
ചെങ്ങന്നൂരിലെ ജനപ്രതിനിധിയായും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ കെ. കരുണാകരന്റെ വിശ്വസ്തരില്‍ ഒരാളുമായാണ് ശോഭന ജോര്‍ജ് എന്ന കോണ്‍ഗ്രസുകാരിയെ കേരള രാഷ്ട്രീയചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. 1991 മുതല്‍ 2006 വരെ തുടര്‍ച്ചയായി ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ചാണ് ശോഭന ജോര്‍ജ് കോണ്‍ഗ്രസ് അംഗമായി നിയമസഭയിലെത്തിയത്. 2006ല്‍ കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചതോടെയാണ് ശോഭന ചെങ്ങന്നൂരില്‍ നിന്ന് പിന്‍വാങ്ങിയത്.
തുടര്‍ന്ന് രണ്ടുതവണ തിരുവനന്തപുരം വെസ്റ്റിലും ചെങ്ങന്നൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു. ശോഭന റിബലായി രംഗപ്രവേശം ചെയ്തപ്പോഴൊക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടെന്നതും ചരിത്രം. ഇത്തവണ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടം നടക്കുമ്പോഴും ശോഭന ജോര്‍ജ് കോണ്‍ഗ്രസിനൊപ്പമില്ല. പകരം ഇടതുസ്ഥാനാര്‍ഥി സജി ചെറിയാന് വേട്ടുതേടി മുന്‍ എം.എല്‍.എ മണ്ഡലത്തില്‍ സജീവമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കതിരെ രംഗത്തെത്തിയതു കൊണ്ടു മാത്രമാണോ കെപിസിസി അധ്യക്ഷനായ എം.എം ഹസന്‍ 27 വര്‍ഷം മുന്‍പ് നടന്ന ശോഭനയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കാമറയ്ക്ക് മുന്നില്‍ പറയാന്‍ പറ്റാത്ത എന്തോ സംഭവിച്ചിട്ടുണ്ടെന്ന ആരോപണമുന്നയിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
1991ല്‍ ലോക്‌സഭനിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണ് കേരളത്തില്‍ നടന്നത്. അത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി സ്ഥാനാര്‍ഥിപട്ടിക തയാറാക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്നതായിരുന്നു അതില്‍ പ്രധാനം. അങ്ങനെ നിരവധി യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കളാണ് ആ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായത്. ടി. ശരത്ചന്ദ്രപ്രസാദ്, കെ ബാബു, പുനലൂര്‍ മധു എന്നിവരൊക്കെ അക്കൂട്ടത്തിലുള്‍പ്പെട്ടു. അക്കാലത്ത് കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അവസാനവാക്ക് കെ. കരുണാകരനായിരുന്നു. അന്ന് ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയായി കരുണാകരന്‍ നല്‍കിയ പേര് ഡി. വിജയകുമാര്‍ എന്ന ചെറുപ്പക്കാരന്റേതായിരുന്നു. 24ാം വയസില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി വരെയായ ഡി. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ ഗ്രൂപ്പ് മറന്ന് ഏവരും പിന്തുണയ്ക്കുകയും ചെയ്തു.
എന്നാല്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്കയച്ച പട്ടിക മടങ്ങിയെത്തിയപ്പോള്‍ സാക്ഷാല്‍ കെ. കരുണാകരന്‍ പോലും ഞെട്ടിയ്രേത! ചെങ്ങന്നൂരില്‍ ഡി വിജയകുമാറിനു പകരം ശോഭന ജോര്‍ജ്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജീവ് ഗാന്ധിയുമായി അത്രയ്ക്ക് അടുപ്പമുള്ളതിനാല്‍ അതേക്കുറിച്ച് തര്‍ക്കമുന്നയിക്കാന്‍ ലീഡറും മെനക്കെട്ടില്ല. അങ്ങനെ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനു വേണ്ടി ശോഭന ജോര്‍ജ് കന്നിയങ്കത്തിനിറങ്ങി.
ബാലജനസഖ്യത്തിന്റെ അധ്യക്ഷയായാണ് ശോഭന ജോര്‍ജ് പൊതുരംഗത്തിറങ്ങുന്നത്. തുടര്‍ന്ന് കേരളകോണ്‍ഗ്രസ് എമ്മിന്റെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ടിന്റെ ജനറല്‍ സെക്രട്ടറിയായി. അമ്മ തങ്കമ്മ ജോര്‍ജ് കേരള കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവായിരുന്നു. ഇതാണ് കേരള കോണ്‍ഗ്രസിന്റെ യുവജനസംഘടനയിലേക്ക് ശോഭനയെ ആകര്‍ഷിച്ചത്. വിവാഹത്തിനു ശേഷം ശോഭന ജോര്‍ജ് തിരുവല്ലയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചു. ഇതിനിടെ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. ബിസിനസുകാരിയായും വീട്ടമ്മയായും തിരുവനന്തപുരത്ത് തുടര്‍ന്നു. ഇതിനിടെ തൊണ്ണൂറുകളുടെ അവസാനത്തിലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ എത്തിയയുടന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിതയായി. ഇതിനു പിന്നാലെയാണ് ലീഡറെ പോലും ഞെട്ടിച്ച് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം കണ്ടെത്തിയത്.
എം.എം ഹസന്‍ വെളിപ്പെടുത്തിയതു പോലെ ശോഭന ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി വാദിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെ? പുറത്തു പറയാന്‍ പറ്റാത്ത എന്താണ് നടന്നത്? എതായാലും അക്കൂട്ടത്തില്‍ കെ. കരുണാകരന്‍ ഉണ്ടായിരുന്നില്ലെന്നതു വ്യക്തം. ബാക്കിയൊക്കെ പറഞ്ഞു കേള്‍ക്കുന്ന കഥകളാണ്. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ആദ്യം അവരെ അംഗീകരിക്കാന്‍ പലരും തയാറാകില്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ചും കോണ്‍ഗ്രസില്‍. അതുതന്നെയാണ് ജനകീയ ജനപ്രതിനിധിയായി 15 വര്‍ഷവും ചെങ്ങന്നൂരില്‍ നിറഞ്ഞുനിന്ന ശോഭന ജോര്‍ജിനെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പ്രചരിച്ചതും.
അക്കലത്ത് കരുണാകരന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ നിര്‍ണായക സ്വാധീനമുള്ള രണ്ടു നേതാക്കളായിരുന്നു ഇന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പി.ജെ കുര്യന്‍ എം.പിയും. 1991 കാലഘട്ടത്തില്‍ രമേശ് ചെന്നിത്തല യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ഭാരവാഹിയും പാര്‍ലമെന്റ് അംഗവുമായിരുന്നു. പ്രൊഫ. പി.ജെ കുര്യനും പാര്‍ലമെന്റംഗം. ഇരുവര്‍ക്കും പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ഗാന്ധിയുമായി അടുത്തബന്ധവും. സ്ഥാനാര്‍ഥി പട്ടികയില്‍ യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന പാര്‍ട്ടി അധ്യക്ഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ഇവരും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇവരൊക്കെ ഉണ്ടായിട്ടും അന്ന് കെ.കരുണാകരന്‍ നിര്‍ദ്ദേശിച്ച വിജയകുമാറിന് യുവാവെന്ന പരിഗണന കിട്ടാത്തതെന്തെന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.
1991ലെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാലത്താണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഇതോടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ മാമന്‍ ഐപ്പിനെ പരാജയപ്പെടുത്തി ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലെത്തി. സഹതാപ തംരംഗമുണ്ടായിട്ടും മുവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്നു ജയിച്ചു കയറിയത്. 1996 ലും ശോഭന തന്നെയായിരുന്നു സ്ഥാനാര്‍ഥി. 2001 ലെ തെരഞ്ഞെടുപ്പില്‍ 1465 വോട്ടിന് കെ.കെ രാമചന്ദ്രന്‍ നായരെ പരാജയപ്പെടുത്തി. അഞ്ചു വര്‍ഷം കൊണ്ടുണ്ടാക്കിയ ജനകീയതയാണ് മൂന്നു തവണയും വിജയിക്കാന്‍ തുണയായത്.
എണ്‍പതുകളുടെ ഒടുവില്‍ ആലപ്പുഴ ഡിസിസിയുമായി ബന്ധപ്പെട്ടുയര്‍ന്ന ജീപ്പ് വിവാദവും ഹസന്‍ ഉയര്‍ത്തിയ ആരോപണങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ആക്കാലത്തെ ആദര്‍ശ ധീരനായിരുന്ന ഒരു യുവനേതാവ് സ്വകാര്യ സന്ദര്‍ശനത്തിന് ആലപ്പുഴ ഡിസിസിയുടെ ജീപ്പുമായി ചെങ്ങന്നൂരിലെത്തി. ഇതു പിന്നീട് പാര്‍ട്ടിയില്‍ വലിയ വിവാദമായി. എന്നാല്‍ കൊള്ളാവുന്ന യുവജനങ്ങളെയൊക്കെ പാര്‍ട്ടിയില്‍ എത്തിക്കുകയാണ് കോണ്‍ഗ്രസ് നയമെന്ന വാദം നിരത്തി ഈ യുവനേതാവ് വിവാദത്തില്‍ നിന്ന് തടിയൂരി. ഇദ്ദേഹം പിന്നീട് സംസ്ഥാന മന്ത്രിയാകുകയും കെ.പി.സിസിയുടെ മുന്‍നിരയിലെത്തുകയും ചെയ്തു.
2001ല്‍ മൂന്നാമത്തെ തവണയും നിയമസഭയിലെത്തിയ ശോഭന ജോര്‍ജിനെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. അപ്പോഴേക്കും കെ. കരുണാകരന്‍ യുഗം അവസാനിച്ചിരുന്നു. 2002ല്‍ ഗ്രൂപ്പ് പോരിന്റെ ഭാഗമായി രൂപപ്പെട്ട വ്യാജരേഖ കേസില്‍പ്പെട്ടു. ഇതോടെ കോണ്‍ഗ്രസില്‍ അനഭിമതയായി. പിന്നീട് കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ച് പാര്‍ട്ടി വിട്ട ഒന്‍പത് എം.എല്‍എമാരില്‍ ഒരാള്‍ ശോഭന ജോര്‍ജായിരുന്നു.
2006ലെ തെരഞ്ഞെടുപ്പില്‍ ഡിഐസി സ്ഥാനാര്‍ഥിയായി തിരുവനന്തപുരം വെസ്റ്റില്‍ മത്സരിച്ചു പരാജയപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയെങ്കിലും 2016ല്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ചെങ്ങന്നൂരില്‍ വിഷ്ണുനാഥിനെതിരെ റിബല്‍ സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങി. ആ തെരഞ്ഞെടുപ്പില്‍ ശോഭന ജോര്‍ജ് 3966 വോട്ടു മാത്രമേ നേടിയുള്ളൂവെങ്കിലും ഇത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തിനു കാരണമായി. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ശോഭന ജോര്‍ജ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സിപിഎം പാളയത്തിലേക്ക് ചുവടുമാറുകയായിരുന്നു. സ്ഥാനാര്‍ഥി അല്ലെങ്കിലും യുഡിഎഫിന് വെല്ലുവിളിയുയര്‍ത്തി ശോഭന ചെങ്ങന്നൂരില്‍ സജീവമാണ്.
മൂന്നുതവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലെത്തിയ ഒരു സ്ത്രീയുടെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് 27 വര്‍ഷത്തിനു ശേഷം കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിരിക്കുന്നയാള്‍ ആരോപണത്തിന്റെ പുകമറ സൃഷ്ടിക്കുന്നത് ശരിയോ? കാമറയ്ക്കു മുന്നില്‍ പറയാന്‍ പറ്റാത്ത തരത്തില്‍ ശോഭനയുടെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി ഇടപെട്ടത് ആരാണ്. കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്ന കഥയിലെ നേതാക്കള്‍ തന്നെയാണോ ഹസന്‍ ഉദ്ദേശിക്കുന്ന വില്ലന്‍മാര്‍? ചോദ്യങ്ങള്‍ നിരവധിയാണ്. സംശയങ്ങളും. ഏതായാലും ആരോപണം ഉന്നയിച്ച് എല്ലാവരെയും സംശയനിഴലിലാക്കിയത് എം.എം ഹസനല്ല, കെ.പി.സി.സി അധ്യക്ഷനാണ്. അതുകൊണ്ടുതന്നെ ആരോപണത്തില്‍ വ്യക്തത വരുത്തേണ്ടതും അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha