യദ്യൂരപ്പ, 'തടിയൂരി'യപ്പയായി ; കര്‍ണ്ണാടകയിലേത് ജനാധിപത്യത്തിന്റേയും ജനങ്ങളുടേയും വിജയമാണ് ; കുതിരക്കച്ചവടത്തിന് പച്ചക്കൊടിവീശിയ കര്‍ണ്ണാടക ഗവര്‍ണ്ണറും രാജിവെയ്ക്കണമെന്ന് എം വി. ജയരാജൻ

കർണ്ണാടകയിൽ ഇന്നലെ നടന്ന രാഷ്ട്രീയ നാടകങ്ങളെ പരിഹസിച്ച് കമ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രെട്ടറിയുമായ എം വി. ജയരാജൻ രംഗത്ത് .ഫേസ്ബുക്കിലൂടെയാണ് ജയരാജൻ തന്റെ പ്രതികരണം രേഖപ്പെടുത്തിയത് . കർണ്ണാടകിൽ കുതിരക്കച്ചവടത്തിന് പച്ചക്കൊടി വീശിയ ഗവർണ്ണർ വാജു ഭായി വാലയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ജയരാജൻ പറയുന്നു . കർണ്ണാടയിലെ ഫലം ജനാധിപത്യത്തെ വ്യഭിചരിച്ചും ഏകാധിപത്യം സ്ഥാപിക്കാനുള്ള മോഡിയുടേയും കൂട്ടരുടേയും കുത്സിത ശ്രമങ്ങള്‍ക്കുള്ള കനത്തതാക്കീതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
.
എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
യദ്യൂരപ്പ, 'തടിയൂരി'യപ്പയായി
-------------------------------------------
കുതിരക്കച്ചവടത്തിന് പച്ചക്കൊടിവിശിയ
കര്‍ണ്ണാടക ഗവര്‍ണ്ണറും രാജിവെയ്ക്കണം
=================================
വിശ്വാസത്തെ ചൂഷണം ചെയ്തും ജനാധിപത്യത്തിന് തീരാകളങ്കം ചാർത്തി പണാധിപത്യം വഴിയും വിശ്വാസം നേടാൻ കഴിയുമോ എന്നുള്ള ബി.ജെ.പി ശ്രമം കര്‍ണ്ണാടകത്തില്‍ വമ്പന്‍ പരാജയമായിരിക്കുന്നു. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. ജനാധിപത്യത്തെ വ്യഭിചരിച്ചും ഏകാധിപത്യം സ്ഥാപിക്കാനുള്ള മോഡിയുടേയും കൂട്ടരുടേയും കുത്സിത ശ്രമങ്ങള്‍ക്കുള്ള കനത്തതാക്കീത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ അപമാനപ്പെടുത്തിയും അധികാരത്തിലെത്താനുള്ള ബി.ജെ.പി കുതന്ത്രത്തെ കര്‍ണ്ണാടക അതിജീവിച്ചിരിക്കുന്നു. അത് ജനാധിപത്യത്തിന്‍റെ വിജയം കൂടിയാണ്. ഫലത്തില്‍ കുതിരക്കച്ചവടത്തിന് പച്ചക്കൊടി വീശിക്കൊണ്ട് ജനാധിപത്യ ഇന്ത്യയ്ക്ക് തീരാകളങ്കമായി മാറിയ നിലവിലെ കര്‍ണ്ണാടക ഗവര്‍ണ്ണറും രാജിവെച്ചൊഴിയേണ്ടതാണ്.
224 നിയമസഭാ മണ്ഡലങ്ങളിൽ 222 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പിക്ക് കിട്ടിയത് 104 സീറ്റ്. കേവഭൂരിപക്ഷത്തിന് 113 എം.എൽ.എ മാരുടെ പിന്തുണ വേണം. ഫലം പ്രഖ്യാപിച്ച 222 മണ്ഡലങ്ങളെ വച്ചുനോക്കിയാൽ 112 പേരുടെ പിന്തുണവേണം. 104 എന്നത് 112 ന് താഴെയുള്ള സംഖ്യയാണെന്നത് എല്‍.പി സ്കൂള്‍ കുട്ടികള്‍ക്ക് പോലും അറിയുന്നതാണ്. പോരാത്തതിന് കോൺഗ്രസ്സ്- ജെ.ഡി.എസ് സഖ്യത്തിനാവട്ടെ 115 പേരുടെ പിന്തുണയുണ്ടുതാനും. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുന്നവരെയാണ് സത്യപ്രതിജ്ഞയ്ക്ക് വിളിക്കേണ്ടത്. എന്നാല്‍ കുതിരക്കച്ചവടത്തിന് പ്രോത്സാഹനം നല്‍കി ഗവര്‍ണ്ണര്‍ തന്നെ ഒപ്പമുണ്ടായിട്ടും 55 മണിക്കൂറിലധികം മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ബി.ജെ.പി നേതാവ് യദ്യൂരപ്പക്ക് കഴിഞ്ഞില്ല. ബി.ജെ.പി നേതാവ് തെല്ലുനേരം മുഖ്യമന്ത്രിക്കസേരയിലിരുന്നപ്പോഴേക്കും ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളി റാവു, ഖനി മുതലാളി ജനാര്‍ദ്ദന റെഡ്ഡി, യദ്യൂരപ്പയുടെ മകന്‍, ഒടുവില്‍ യദ്യൂരപ്പ നേരിട്ടും 100 കോടി രൂപാവരേയും മന്ത്രി പദവിയുള്‍പ്പടേയും കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ക്ക് വാഗ്ദാനം ചെയ്തതിന്‍റെ തെളിവുകളും പുറത്തുവന്നു കഴിഞ്ഞു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ച്ഛത്തീസ്ഘട്ട് ഈ 3 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഡി അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടിയാണുണ്ടായത്. എം.പി ആയിരുന്ന യോഗി ആതിദ്യനാഥ്, മുഖ്യമന്ത്രിയായതിന് ശേഷം രാജിവെച്ച ഒഴിവിനെ തുടര്‍ന്നുണ്ടായ യു.പി യിലെ ഉപതെരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് ബി.ജെ.പിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. എന്‍.ഡി.എ യില്‍ ഉണ്ടായിരുന്ന പല ഘടക കഷികളും കൊഴിഞ്ഞുപോയി. ഇത്തരത്തില്‍ തുടര്‍ച്ചയായ പരജായം നേരിടേണ്ടി വന്ന ബി.ജെ.പി ത്രിപുരയില്‍ പണാധിപത്യത്തിലൂടെയും അക്രമത്തിലൂടേയും കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ വിലക്കെടുത്തും ജനാധിപത്യത്തെ അട്ടിമറിച്ചു. ആ രീതിയാണ് കര്‍ണ്ണാടകയിലും നടപ്പാക്കാന്‍ ശ്രമിച്ചത്. 2008 ല് യദ്യൂരപ്പ അഴിമതിക്കേസില്‍ പ്രതിയയാതിനെത്തുടര്‍ന്ന് ഇറങ്ങി പോകേണ്ടിവന്നു. എം.എല്‍.എ മാരെ അയോഗ്യരാക്കി യദ്യൂരപ്പയെ രക്ഷപ്പെടുത്താന്‍ നോക്കിയ അന്നത്തെ സ്പീക്കര്‍ ബൊപ്പയ്യയെ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് പ്രോട്ടേം സ്പീക്കറാക്കി. എന്നാല്‍ 10 വര്‍ഷം മുമ്പ് ഇറങ്ങിപ്പോയതിനേക്കാല്‍ നാണം കെട്ടാണ് യദ്യൂരപ്പയ്ക്ക് ഇപ്പോള്‍ ഇറങ്ങിപ്പോകേണ്ടിവന്നത്. കര്‍ണ്ണാടകയില്‍ ജനാധിപത്യത്തിന്‍റേയും ജനങ്ങളുടേയും വിജയമാണ്. ഇത് ബി.ജെ.പിക്ക്, ജനാധിപത്യ വിശ്വാസികള്‍ നല്‍കിയ താക്കീതാണ്.
- എം.വി ജയരാജന്‍
https://www.facebook.com/Malayalivartha