സൗദാബി പോയത് സിദ്ധനെ തേടിയല്ല; കോഴിക്കോട് നിന്നും കാണാതായ വീട്ടമ്മയും മക്കളും പോയത് തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക്; പ്രവാസിയായ ഭർത്താവിന്റെ നെഞ്ചിടിപ്പ് മാറ്റി അലഞ്ഞുനടന്ന വീട്ടമ്മയും മക്കളും തിരികെയെത്തി

ദുരൂഹ സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്നു പെണ്‍മക്കളെയും 22 ദിവസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടെത്തിയ ഇവരെക്കുറിച്ച വിവരം സ്‌നേഹിത പ്രവര്‍ത്തകര്‍ പോലീസിനു കൈമാറുകയായിരുന്നു. കരിപ്പൂര്‍ പുളിയംപറമ്പില്‍ താമസിക്കുന്ന പ്രവാസിയുടെ ഭാര്യസൗദാബിയും ഇവരുടെ 18, ആറ്, നാല് വയസുള്ള മൂന്നു പെണ്‍കുട്ടികളുമാണ് ഏപ്രില്‍ 30നു കാണാതായത്.
നേരത്തെ പരിചയപ്പെട്ട തിരുവനന്തപുരം ബീമാപള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ ഫ്‌ലാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്നു ട്രെയിനില്‍ കോഴിക്കോട്ടെത്തിയ ഇവര്‍ സ്‌നേഹിതയിലെത്തുകയായിരുന്നു. സ്‌നേഹിത പ്രവര്‍ത്തകര്‍ ഇവരെ സംബന്ധിച്ച വിവരം കോഴിക്കോട് നടക്കാവ് പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കരിപ്പൂര്‍ പോലീസ് ഇവിടെയെത്തി നാലു പേരെയും കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയതായി എസ്‌ഐ കെ.ബി.ഹരികൃഷ്ണന്‍ പറഞ്ഞു.
വീട്ടമ്മയെയും മക്കളെയും കാണാതായത് പോലീസിനു തലവേദനയായിരുന്നു. കാണാതാകുന്ന ഘട്ടത്തില്‍ സൗദാബി താന്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഖാജാ എന്ന് പേരുള്ള സിദ്ധന്റെ അടുത്തേക്ക് പോകുകയാണെന്നും കത്തെഴുതി വച്ചിരുന്നു.
'എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാന്‍ കാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു'. പടച്ചവനും റസൂലൂം കാജായും എന്നെ കൈവിടില്ല..' എന്നായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്. ഇത് പ്രകാരം പെണ്‍കുട്ടികളുമായി വീട്ടമ്മ അജ്മീറില്‍ അടക്കം തീര്‍ത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി. ഒടുവിൽ പോലീസ് കേരളത്തിനകത്തും പുറത്തുമായി തെരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്. ബീമാപള്ളി കേന്ദ്രീകരിച്ചും പോലീസ് ഇവര്‍ക്കു വേണ്ടി അന്വേഷണം നടത്തിയിരുന്നു. സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നു പുറത്തിറങ്ങാത്തതിനാല്‍ പോലീസിന് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇവര്‍ക്കായി പോലീസ് വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍ അടക്കമുള്ള കേന്ദ്രങ്ങളിലെ സിസി ടിവിയടക്കം പരിശോധിച്ചു വരികയായിരുന്നു
https://www.facebook.com/Malayalivartha