ഒരിക്കല്‍ വളഞ്ഞിട്ട് എറിഞ്ഞുവീഴ്ത്തി, ചതിയന്‍മാര്‍ ഒരുക്കിയ അഴിമതിയുടെ വാരിക്കുഴിയില്‍ മാണി വീണപ്പോള്‍ മണ്ണിട്ടു മൂടിക്കളയാന്‍ ആക്കം കൂട്ടിയവര്‍ ഇന്ന് വാരിപ്പുണരാന്‍ മത്സരിക്കുന്നു

രാഷ്ട്രീയം ചതിയുടെയും പകയുടെയും കലയാണ്. നിലനില്‍പ്പിന്റെ നിലപാടുതറയില്‍ നിന്ന് രാഷ്ട്രീയം പയറ്റുന്നവര്‍ കെ.എം. മാണിയുടെ മെയ്‌വഴക്ക് അടുത്തറിയണം. ഒരിക്കല്‍ വളഞ്ഞിട്ട് എറിഞ്ഞുവീഴ്ത്തി ചതിയുടെ കെണിയൊരുക്കിയ വാരിക്കുഴിയില്‍ അഴിമതിയില്‍ തട്ടി മാണി വീണപ്പോള്‍ മണ്ണിട്ടു മൂടിക്കളയാന്‍ ആക്കം കൂട്ടിയവര്‍ ഏറെ. പി.സി. ജോര്‍ജ്ജ് യൂദാസിനെപ്പോലെ ചുംബിച്ച് ഒറ്റിക്കൊടുത്തപ്പോള്‍ അവനെ കല്ലെറിയൂ എന്നാക്രോശിച്ചവരില്‍ ഏറെയും എന്നെങ്കിലും മാണിയോട് കലഹിച്ചവരാണ്. മാണിയെ വീഴ്ത്തി യു.ഡി.എഫിനെ ശിഥിലമാക്കാന്‍ ഇറങ്ങിയവരാല്‍ ഏറെ വേട്ടയാടപ്പെട്ടു. മാണിയുടെ വീഴ്ച മാധ്യമങ്ങള്‍ ആഘോഷമാക്കി. പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ടിവിയും ഏഷ്യാനെറ്റും. നിരവധി നാടകങ്ങള്‍. കെ.എം. മാണിയുടെ രാഷ്ട്രീയം അവസാനിച്ചു എന്നു കരുതിയിടത്തുനിന്ന് മാണി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
2016 ഓഗസ്റ്റില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് മുന്നണി വിടുന്നെന്ന ചരല്‍ക്കുന്ന് തീരുമാനം രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചു. പിന്നീടിങ്ങോട്ടുള്ള ഇരുപതുമാസക്കാലം ആര്‍ക്കും മനസുകൊടുത്തില്ല. രാഷ്ട്രീയ കേരളത്തിന്റെ വിജയ സമവാക്യങ്ങളില്‍ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി മാണി ഇരുമുന്നണികളെയും ബോധ്യപ്പെടുത്തി. മാണിയെ സ്വാഗതം ചെയ്ത് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി. മാണി എല്‍.ഡി.എഫിലെത്തിയാല്‍ തങ്ങളുടെ നില പരുങ്ങലിലാകുമോയെന്ന് ഭയന്ന സി.പി.ഐ പരിഭ്രാന്തരായി. കാനം രാജേന്ദ്രന്റെ പോര്‍ വിളിയില്‍ സി.പി.എം. വെട്ടിലായി. കൂടെ അച്യുതാനന്ദനെയും ചേര്‍ത്ത് സി.പി.ഐ മാണിക്കെതിരെ പൊരുതി.ഈ സന്ദര്‍ഭം മുതലാക്കിയ യു.ഡി.എഫ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മാണിയുടെ വരവോടെ ചെങ്ങന്നൂരില്‍ യു.ഡി.എഫ് അനുകൂല തരംഗമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് ക്യാമ്പ്. ഭരണവിരുദ്ധവികാരം ശക്തമായ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നിലയും മെച്ചമല്ല.
രാഷ്ട്രീയത്തില്‍ കെ.എം. മാണിയുടെ തന്ത്രങ്ങള്‍ എന്നും വേറിട്ടു നില്‍ക്കുന്നു. പ്രതിസന്ധിയിലും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്താനും ചോദ്യം ചെയ്യപ്പെടാത്ത നേതൃപാടവം പുലര്‍ത്താനും മാണിക്ക് കഴിഞ്ഞു. ചെങ്ങന്നൂര്‍ ഇലക്ഷന് തൊട്ടുമുന്‍പ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചുള്ള കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം യു.ഡി.എഫിലെ ഉന്നത നേതാക്കള്‍ ഒന്നടങ്കം പാലായിലെ കെ.എം മാണിയുടെ വീട്ടിലെത്തുന്നതിന് തൊട്ടുമുന്‍പ് , ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള ജോസ് കെ. മാണിയുടെ ചര്‍ച്ചയാണ്. ഏറെ നാടകീയതകള്‍ക്കൊടുവില്‍ നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനം. കെ.എം. മാണി യു.ഡി.എഫിലേക്ക്.
https://www.facebook.com/Malayalivartha