കേരള ചീഫ് ജസ്റ്റിസിനെ ലക്ഷ്യം വച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഷുഹൈബ് കേസുകൾ തന്റെ ബഞ്ചിൽ നിന്ന് മാറ്റിയതിനെതിരെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും വിരമിച്ച ജസ്റ്റിസ് കമാൽ പാഷ രംഗത്ത്

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഷുഹൈബ് കേസുകൾ തന്റെ ബഞ്ചിൽ നിന്ന് മാറ്റിയതിനെതിരെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും വിരമിച്ച ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തിയത് കേരള ചീഫ് ജസ്റ്റിസിനെ ലക്ഷ്യം വച്ചെന്ന് സൂചന. അടുത്ത നാളുകളിൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസിനെ ഒരു ഭരണഘടനാ തസ്തികയിൽ നിയമിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതിനിടയിലാണ് വിമർശനം ഉണ്ടായിരിക്കുന്നത്. താൻ സർക്കാരിന് കീഴിലുള്ള ഒരു തസ്തികയും ഏറ്റെടുക്കില്ലെന്ന് കൂടി ജെ.പാഷ പറഞ്ഞതോടെ ഉന്നം ചീഫാണെന്ന് വ്യക്തം.
സുപ്രീം കോടതിയിലുണ്ടായതിന്റെ സമാന സാഹചര്യമാണ് കേരള ഹൈക്കോടതിയിലും ഉണ്ടായിരിക്കുന്നത്. ജഡ്ജിമാർ പത്രസമ്മേളനം നടത്തി കോടതി രഹസ്യങ്ങൾ പറയുന്നത് ശരിയല്ലെന്നു തന്നെയാണ് മുതിർന്ന ജഡ്ജിമാർ പറയുന്നത്. സുപ്രീം കോടതി ജഡ്ജിമാർ കോടതി നിർത്തിവച്ച് പത്ര സമ്മേളനം നടത്തിയതിലൂടെ കോടതിയെക്കാൾ വലുതാണ് പത്രങ്ങൾ എന്ന് തെളിയിച്ചു. ഇത്തരം നീക്കങ്ങൾ ശരിയല്ലെന്ന് തന്നെ പറയേണ്ടി വരും.
ജസ്റ്റിസ് കമാൽ പാഷ കോടതിയുടെ പരിശുദ്ധിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. പണ്ട് സൗമ്യ വധക്കേസിൽ സുപ്രീം കോടതിയെ വിമർശിച്ച മുതിർന്ന ജഡ്ജി മാർക്കണ്ടേയ കഡ്ജുവിന്റെ അനുഭവം ഓർമ്മയുണ്ടാകും. സൗമ്യ കേസിൽ സുപ്രീം കോടതിയെ വിമർശിച്ചതിനായിരുന്നു അദ്ദേഹത്തെ കോടതി വിളിച്ചു വരുത്തിയത്. പിന്നീട് മാപ്പ് അപേക്ഷിച്ച് അദ്ദേഹം രക്ഷപ്പെട്ടു. ഹൈക്കോടതിയുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയതിനെ വിമർശിച്ച ജെ. പാഷക്കെതിരെ ഹൈക്കോടതി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
മാർ ജോർജ് ആലഞ്ചേരിക്ക് കാനോൻ നിയമമല്ല ഐ.പി.സിയാണ് ബാധകമെന്ന് പറഞ്ഞ് നേരത്തെയും ജ.പാഷ രംഗത്തെത്തിയിരുന്നു. എന്നാൽ ബെഞ്ച് മാറിയതോടെ വിഷയം അദ്ദേഹത്തിന്റെ കൈയിൽ നിന്നും മാറി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ എം മാണിക്കെതിരെ ബാർക്കേസിൽ കെമാൽ പാഷ അഭിപ്രായം പറഞ്ഞതും കൊണ്ടാണ് അദ്ദേഹത്തിന് ധനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. അന്ന് സി പി എമിന് ജെ.കെമാൽ പാഷയോട് വലിയ താത്പര്യമായിരുന്നു. അന്ന് സി പി എമ്മുകാരെ സംബന്ധിച്ചടത്തോളം കെമാൽ പാഷ അവരുടെ സ്വന്തം ആളായിരുന്നു. സർക്കാർ മാറുമ്പോൾ കെമാൽ പാഷ മാറുമെന്നാണ് സി പി എം കരുതിയിരുന്നത്. എന്നാൽ അദ്ദേഹം മാറിയില്ല. പോരാത്തതിന് മൂന്നു വർഷത്തേക്ക് തനിക്ക് സർക്കാരിന്റെ ഒരു സ്ഥാനമാനവും വേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഷുഹൈബ് വധം നടന്നപ്പോൾ മരിച്ചയാളുടെ ചിത്രങ്ങൾ ഉയർത്തി പിടിച്ചാണ് ജഡ്ജി ഉത്തരവ് പറഞ്ഞത്. സർക്കാരിനെ ഇത് വല്ലാതെ പ്രകോപിപ്പിച്ചു. തൊട്ടുപിന്നാലെയെത്തിയ ആലഞ്ചേരി പിതാവിന്റെ കേസിൽ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചു. അതോടെ ചീഫ് ജസ്റ്റിസ് കോടതിയുടെ പരിഗണനാ വിഷയങ്ങൾ മാറ്റി. ഷുഹൈബ് വധവും ആലഞ്ചേരി പിതാവും കെമാൽ പാഷയുടെ ബഞ്ചിൽ നിന്നും മാറി. ചീഫ് ജസ്റ്റിസാണ് പരിഗണനാ വിഷയങ്ങൾ തീരുമാനിക്കുന്നത്. സർക്കാരിനു വേണ്ടി ചീഫ് ജസ്റ്റിസ് കളിച്ചു എന്നാണ് കെമാൽ പാഷ പറഞ്ഞതിന്റെ അർത്ഥം.
ഒരു ജഡ്ജി ഇത്തരത്തിൽ സംസാരിക്കുമ്പോൾ അത് പൊതുജനങ്ങൾക്കിടയിൽ തെറ്റായ ചിന്തകൾക്ക് ഇടയാക്കും. അതു കൊണ്ടു തന്നെ കോടതിയെ സംശയാതീതമാക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതിക്കുണ്ട്. വരും ദിവസങ്ങളിൽ കേരള ഹൈക്കോടതിയിലെ കഥകൾ നാട്ടിൽ പാട്ടാകാൻ ഇടയുണ്ട്. കാരണം ജേക്കബ് തോമസിനെ പോലെ കെമാൽ പാഷയും പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന വ്യക്തിയാണ്.
https://www.facebook.com/Malayalivartha