നിപ്പാ വൈറസ് ബാധിത പ്രദേശങ്ങളിലെത്തി ചികിത്സ നടത്താൻ താത്പര്യമുണ്ടെന്ന് അറിയിച്ച ഗോരഖ്പൂറിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കഫീൽ ഖാന് കേരളത്തിലേക്കുള്ള യാത്രാനുമതി നിഷേധിക്കാൻ നിർദ്ദേശം നൽകിയത് കേന്ദ്ര സർക്കാരെന്ന് സൂചന

ഗോരഖ്പൂറിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കഫീൽ ഖാന് കേരളത്തിലേക്കുള്ള യാത്രാനുമതി നിഷേധിക്കാൻ നിർദ്ദേശം നൽകിയത് കേന്ദ്ര സർക്കാരാണെന്ന് സൂചന. ഗോരഖ്പൂരിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നേരിട്ട് ഇടഞ്ഞ ഡോ. കഫീൽഖാനെ കേരളത്തിൽ കയറ്റേണ്ടെന്ന തീരുമാനമെടുത്തത് കേന്ദ്ര സർക്കാരാണ്. കേരള സർക്കാർ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനൊപ്പം നിന്നു എന്നതാണ് രസകരമായ കാര്യം. ഉത്തർപ്രദേശിൽ 65 കുഞ്ഞുങ്ങൾ മരിച്ച ബി ആർ ഡി മെഡിക്കൽ കോളേജിൽ ഡോക്ടറായിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നിപ്പ വൈറസ് ബാധിത പ്രദേശങ്ങളിലെത്തി ചികിത്സ നടത്താൻ താത്പര്യമുണ്ടെന്ന് ഡോ.ഖാൻ അറിയിച്ചത്. അത് കേരളം സ്വാഗതം ചെയ്തു. യാത്രാ ടിക്കറ്റ് സർക്കാർ അയച്ചു കൊടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഡോ. ഖാനെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. ഒടുവിൽ തത്കാലം യാത്ര മാറ്റിവയ്ക്കാൻ ഡോക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നിർദ്ദേശം നൽകുകയായിരുന്നു. ഇതിനെതിരെ ഖാൻ രംഗത്തെത്തി. സർക്കാർ ഇത്തരത്തിൽ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ലെന്നാണ് ഡോക്ടർ പ്രതികരിച്ചത്.
യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്തുള്ള ഡോ.ഖാൻ എന്തിന് കേരളത്തിലെത്തുന്നു എന്ന ചിന്ത ബി ജെ പി കാർക്കിടയിലുണ്ടായിരുന്നു. ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നൊരു സംഘം സോക്ടർമാർ സ്ഥലം സന്ദർശിക്കുന്നതു കൊണ്ട് ഡോ.ഖാനോട് യാത്ര നീട്ടിവയ്ക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ ഡോക്ടർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബി ജെ പിയുടെ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്ന് ഡോ.ഖാൻ സംശയിക്കുന്നു. ഇക്കാലത്ത് ഒരു സോഷ്യലിസ്സായി ജീവിക്കാൻ പ്രയാസമാണെന്ന് ഡോ.ഖാൻ പറഞ്ഞതിന് പിന്നിൽ ഇതാണെന്ന് പറയുന്നുണ്ട്. ഏതായാലും കേരള സർക്കാരിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.
നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ കൃത്യമായി അറിയിക്കുന്നുണ്ട്.എല്ലാ ദിവസവും വൈകിട്ട് കേന്ദ്ര സർക്കാരിന് പ്രത്യേക ബുള്ളറ്റിൻ നൽകുന്നുണ്ട്. ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ വരുന്നുണ്ടെന്ന വിവരം കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. അപ്പോൾ ഡോ.ഖാൻ വരുന്നുണ്ടെന്ന വിവരം കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു എന്നാണ് വിവരം. അപ്പോഴാണ് അദ്ദേഹം വരേണ്ടതില്ലെന്ന കാര്യം കേന്ദ്രം അറിയിച്ചു. എന്തുകൊണ്ടാണെന്ന് മാത്രം കേന്ദ്രം വ്യക്തമാക്കിയില്ല. സംഭവത്തിൽ കേന്ദ്ര സർക്കാരിനെ തന്നെയാണ് ഡോ.ഖാൻ സംശയിക്കുന്നത്.
താൻ ഒരു സോഷ്യലിസ്റ്റ് ഡോക്ടറാണെന്ന് ഖാൻ ആവർത്തിക്കുന്നതും അതുകൊണ്ടാണ്. ഡോ.ഖാൻ കേരളത്തിലെത്തുന്ന വിവരം ബി ജെ പി കേരള നേത്യത്വവും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടിയെന്ന് അറിയുന്നു. ഇനി ഒരു പക്ഷേ ഡോ.ഖാൻ കേരളത്തിലെത്തില്ല. തന്നെ അവഗണിച്ചതിൽ അദ്ദേഹത്തിന് അത്രയും വേദനയുണ്ട്. കേരള സർക്കാരിനാണെങ്കിൽ കേന്ദ്രത്തെ പിണക്കാനാവില്ല. നിപ്പയെ നേരിടാൻ കേന്ദ്ര സഹായത്തിനായി കാത്തിരിക്കുകയാണ് കേരളം.
https://www.facebook.com/Malayalivartha