അപൂര്‍വ ജാഗ്രതാ നിര്‍ദേശം; കേരളത്തിലേക്ക് എത്തുന്നത് അതിശക്തമായ മഴ; 29 വരെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക.
* മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.
* മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക.
കാലവര്‍ഷമെത്തുന്നതുകൊണ്ട് കൂടുതല്‍ ശക്കിപ്രാപിക്കാന്‍ സാധ്യത
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കു ഭാഗങ്ങളിലും ആന്‍ഡമാന്‍ കടലിന്റെ തെക്കുഭാഗത്തും നിക്കോബാര്‍ ദ്വീപുകളിലും എത്തിക്കഴിഞ്ഞു. അടുത്ത 48 മണിക്കൂറില്‍ അറബിക്കടലിന്റെ തെക്കുഭാഗത്തും ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലിന്റെ ചിലഭാഗങ്ങളിലും ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ ദ്വീപുകളിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിച്ചേരാനുള്ള സാഹചര്യങ്ങള്‍ അനുകൂലമാണ്.
ഇതിനെ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കാലവര്‍ഷം ദക്ഷിണ അറബിക്കടലിന്റെ കുറച്ചധികം ഭാഗങ്ങളിലും ലക്ഷദ്വീപ്‌കോമേറിയന്‍ ഭാഗങ്ങളിലും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കുഭാഗങ്ങളിലും ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലിന്റെ കുറച്ചധികം ഭാഗങ്ങളിലും ആന്‍ഡമാന്‍ കടലിന്റെ ബാക്കി പ്രദേശങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കു മധ്യഭാഗത്തെ കുറച്ചു സ്ഥലങ്ങളിലും വ്യാപിക്കാനുള്ള സാഹചര്യങ്ങള്‍ അനുകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വളരെ അപൂര്‍വമായി മാത്രമേ ഇത്തരം മുന്നറിയിപ്പ് നല്‍കാറുള്ളൂ. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. 21 സെ.മീ. വരെ മഴ കേരളത്തില്‍ ലഭിക്കുമെന്നും ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്നും ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശമുണ്ട്. മത്സ്യത്തൊഴിലാളികള്‍ 30 വരെ കടലില്‍ പോകരുത്.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പൊലീസിനു നിര്‍ദേശമുണ്ട്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. 25നു ശക്തമായ മഴയും ശനിയാഴ്ച അതിശക്തമായ മഴയും ലഭിക്കും. 12 മുതല്‍ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക. മുന്നറിയിപ്പു ശ്രദ്ധയോടെ കണക്കാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
മേയ് 29 വരെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്.
ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍/ തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതണം. 26നു കേരളത്തില്‍ ചിലയിടങ്ങളില്‍ 20 സെ.മീ. വരെയുള്ള അതിശക്തമായ മഴയുണ്ടാകും. 27നു ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ഒന്നോ രണ്ടോയിടങ്ങളില്‍ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. 28നും 29നും ഇതു തുടരും. ലക്ഷദ്വീപില്‍ 30 വരെ പലയിടത്തും അതിശക്തമായ മഴ ലഭിക്കും.
https://www.facebook.com/Malayalivartha