ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക്

ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ മൂന്ന് മുന്നണിയും വിജയം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍. ഈ മാസം 28ന് നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിനാണ് അവസാനിക്കുന്നത്. 1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയിലുള്ളത്. 2016ല്‍ 74.36 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. അന്ന് 1,95,493 വോട്ടര്‍മാരില്‍ 1,45,363 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
സംസ്ഥാനത്തെ പോളിങ് ശതമാനം ചെങ്ങന്നൂരിനെക്കാള്‍ ഉയര്‍ന്നതായിരുന്നു 77.35. ജില്ലയിലാകട്ടെ 80.03 ശതമാനവും. നാട്ടിലെ എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കാന്‍ മുന്നണികള്‍ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. കാലാവസ്ഥകൂടി അനുകൂലമായാല്‍ പോളിങ് ശതമാനം ഉയരുമെന്നാണ് സൂചന. 7983 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ 2016ല്‍ വിജയിച്ചത്. കടുത്ത ത്രികോണ മത്സരത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍ നായര്‍ക്ക് 52,880, യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന് 44,897, ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളക്ക് 42,682 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. കോണ്‍ഗ്രസ് റെബലായി മത്സരിച്ച ശോഭന ജോര്‍ജിന് 3966 വോട്ട് ലഭിച്ചു. ശോഭനയുടെ സ്ഥാനാര്‍ഥിത്വമാണ് വിഷ്ണുനാഥിന്റെ പരാജയത്തിന് വഴിയൊരുക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇക്കുറി എല്‍.ഡി.എഫ് പ്രചാരണ പരിപാടികളില്‍ സജീവസാന്നിധ്യമാണ് ശോഭന. 2016ല്‍ അലക്‌സിന് (ബി.എസ്.പി) 483ഉം ഇ.ടി. ശശിക്ക് (സ്വത.) 247ഉം വോട്ടുകള്‍ ലഭിച്ചു. വീറും വാശിയുമേറിയ ഈ തെരഞ്ഞെടുപ്പില്‍ ആരുവിജയിച്ചാലും ഭൂരിപക്ഷം ഉയര്‍ന്നതായിരിക്കില്ലെന്നാണ് വിലയിരുത്തുന്നത്. കൈ ചിഹ്നത്തില്‍ കോണ്‍ഗ്രസിലെ ഡി. വിജയകുമാര്‍, താമര ചിഹ്നത്തില്‍ പി.എസ്. ശ്രീധരന്‍ പിള്ള, ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ സജി ചെറിയാന്‍ എന്നിവരാണ് മത്സര രംഗത്തെ പ്രമുഖര്‍. രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ഥി ജിജി പുന്തല (കൈപമ്പ്), സോഷ്യലിസ്റ്റ് യൂനിറ്റി സന്റെര്‍ ഓഫ് ഇന്ത്യ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി മധു ചെങ്ങന്നൂര്‍ (ബാറ്ററി ടോര്‍ച്ച്), ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാജീവ് പള്ളത്ത് (തൊപ്പി) എന്നിവരും പ്രചാരണരംഗത്ത് സജീവമാണ്.
അംബേദ്കറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി സുഭാഷ് നാഗ(കോട്ട്), ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ശിവപ്രസാദ് ഗാന്ധി(തേങ്ങ), മുന്നാക്ക സമുദായ ഐക്യമുന്നണി സ്ഥാനാര്‍ഥി ടി.കെ. സോമശേഖര വാര്യര്‍, വിശ്വകര്‍മ കോഓഡിനേഷന്‍ കമ്മിറ്റി സ്ഥാനാര്‍ഥി ടി. മോഹനന്‍ ആചാരി (നെക്‌ലേസ്), സെക്കുലര്‍ നാഷനല്‍ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥി സ്വാമി സുഖാകാശ സരസ്വതി(ടെലിഫോണ്‍) എന്നിവരും മണ്ഡലത്തില്‍ സജീവമാണ്. സ്വതന്ത്രരായി അജി എം. ചാലക്കേരി (ടി.വി), ഉണ്ണി കാര്‍ത്തികേയന്‍(കുടം),എം.സി. ജയലാല്‍(മോതിരം) മുരളി നാഗ (മെഴുകുതിരി), എം.കെ. ഷാജി (വിസില്‍) എന്നിവരും മത്സര രംഗത്തുണ്ട്്. പഴവര്‍ഗങ്ങള്‍ അടങ്ങിയ കൂട് ചിഹ്നത്തില്‍ മത്സരിക്കുന്ന ശ്രീധരന്‍ പിള്ളയാകട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ അപരനാണെന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha