അട്ടപ്പാടിയിലെ വിശപ്പിന് ആശ്വാസം: അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചണ് 6 കോടി; കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗന്‍വാടികളോട് ചേര്‍ന്നുള്ള കുടുംബശ്രീ യൂണിറ്റുകളിലെ കമ്മ്യൂണിറ്റി സെന്ററുകളില്‍ ഭക്ഷണം പാകം ചെയ്താണ് വിതരണം ചെയ്യുന്നത്

അട്ടപ്പാടി മേഖലയിലെ വിശപ്പിന് ആശ്വാസമായി സാമൂഹ്യനീതി വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതിയുടെ നടത്തിപ്പിനായി 6 കോടി രൂപ ഭരണാനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അട്ടപ്പാടിയിലെ 192 ഊരുകളിലേയും ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കിടപ്പ് രോഗികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് ഈ പദ്ധയുടെ ഗുണഫലം ലഭിക്കും. മധുവിന്റെ മരണത്തെ തുടര്‍ന്ന് ആദിവാസി ഊരുകളില്‍ നിന്നും പട്ടിണി തുടച്ചു മാറ്റുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അതിന്റെ ഭാഗമായാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ശക്തിപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗന്‍വാടികളോട് ചേര്‍ന്നുള്ള കുടുംബശ്രീ യൂണിറ്റുകളിലെ കമ്മ്യൂണിറ്റി സെന്ററുകളില്‍ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പദ്ധതിയാണ് അന്നപ്രദായിനി കമ്മ്യൂണിറ്റി കിച്ചന്‍. സബ് കളക്ടര്‍ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്ന സമിതിയുടെ നിരീക്ഷണ പ്രകാരമാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും ലഭ്യമായതുമായ ഭക്ഷണ ധാന്യങ്ങള്‍, പദാര്‍ത്ഥങ്ങള്‍, ഇലക്കറികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഭക്ഷണമാണ് പാകം ചെയ്ത് നല്‍കുന്നത്. അതിനാല്‍ തദ്ദേശവാസികള്‍ക്ക് ഇതിലൂടെയും വരുമാനം ലഭിക്കുന്നു. എല്ലാ മാസവും നാലാമത്തെ ശനിയാഴ്ചകളില്‍ പ്രത്യേക അവലോകന യോഗത്തില്‍ ഈ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നു.
ആരോഗ്യ വകുപ്പിലെ ജെ.പി.എച്ച്.മാര്‍, ആശാവര്‍ക്കര്‍മാര്‍, വനിതാശിശു വികസന വകുപ്പിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍, പട്ടികവര്‍ഗ വികസന വകുപ്പിലെ പ്രമോട്ടര്‍മാര്‍, കുടുംബശ്രീയിലെ അനിമേറ്റര്‍മാര്‍ തുടങ്ങിയവരെ ഏകോപിപ്പിച്ചാണ് 192 ഊരുകളിലും അന്നപ്രദായിനി പദ്ധതി നടപ്പാക്കി വരുന്നത്. ഇതിനായി സബ്കളക്ടറുടെ നേതൃത്വത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തകരുടെ പരിശീലന പരിപാടികളും നടന്നു വരുന്നു.
അട്ടപ്പാടി മേഖലയിലുണ്ടായ നവജാത ശിശു മരണങ്ങളുടെ പശ്ചാത്തലത്തിലാണ് അട്ടപ്പാടി ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലെ 175 അങ്കണവാടികളിലായി കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിച്ചത്. പിന്നീട് ഈ ഗുണഭോക്താക്കള്‍ക്ക് പുറമെ ഭിന്നശേഷിയുള്ളവര്‍ക്കും കിടപ്പിലായവര്‍ക്കും വൃദ്ധര്‍ക്കുമായി ഈ പദ്ധതി വിപുലീകരിച്ചു. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പൂര്‍ണചുമതല കുടുംബശ്രീ മിഷനേയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരണത്തില്‍ പ്ലാന്‍ റൈറ്റ് അപ്പില്‍ അങ്കണവാടി കേന്ദ്രങ്ങളെ 'സ്ത്രികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുളള സാമൂഹിക വിഭവ കേന്ദ്രങ്ങളാക്കി വികസിപ്പിക്കല്‍ - ഒരു ജീവിത ചക്ര സമീപനം' എന്ന പദ്ധതിയ്ക്ക് 11 കോടി രൂപ വകയിരുത്തിയിരുന്നു. അതില്‍ ഒരു ഘടകമായി ഗോത്ര വര്‍ഗ പ്രദേശങ്ങളില്‍ സാമൂഹിക അടുക്കള എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് അട്ടപ്പാടി കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ നടത്തിപ്പിനായി കുടുംബശ്രീക്ക് 6 കോടി ചെലവഴിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha