സെക്കന്‍ഡറി തലംവരെ മാതൃഭാഷ പഠിക്കാത്തവര്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രൈമറി വിഭാഗത്തില്‍ ഇനി അധ്യാപകരാവാം

സെക്കന്‍ഡറി തലംവരെ മാതൃഭാഷ പഠിക്കാത്തവര്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രൈമറി വിഭാഗത്തില്‍ ഇനി അധ്യാപകരാവാം. സര്‍ക്കാര്‍ നേതൃത്വത്തില്‍ മാതൃഭാഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് സെക്കന്‍ഡറി തലം വരെ മലയാളം പഠിച്ചവര്‍ക്ക് 38 വര്‍ഷമായി ലഭിച്ചിരുന്ന ആനുകൂല്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഉത്തരവിറക്കിയിരിക്കുന്നത്.
എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകരാവുന്നതിന് സെക്കന്‍ഡറി തലത്തില്‍ മലയാളം ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ പഠിച്ചിരിക്കണമെന്ന ചട്ടമാണ് തിരുത്തിയത്. കേന്ദ്ര ബോര്‍ഡുകളുടെ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം സ്‌കൂളുകളില്‍ പഠിച്ചവര്‍ ഇനി ബിരുദ, ബിരുദാനന്തര, ട്രെയ്‌നിങ് തലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ സംസ്ഥാനത്തെ റഗുലര്‍ കോഴ്‌സ് വഴി മലയാളം പഠിച്ചാല്‍ മതി.
കേരള വിദ്യാഭ്യാസ ചട്ടത്തിലെ ബന്ധപ്പെട്ട ചട്ടത്തില്‍ പിന്നീട് ഭേദഗതി വരുത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയന്റ് സെക്രട്ടറി എച്ച്. നജീബ് 22ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര സ്‌കൂളുകളില്‍ പഠിച്ചവര്‍ പിന്നീട് ബിരുദ/ബിരുദാനന്തര/ട്രെയ്‌നിങ് തലങ്ങളില്‍ മലയാളം പഠിച്ചാലും നേരത്തെയുള്ള ഉത്തരവ് ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഉത്തരവെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക യോഗ്യതകള്‍ ഏകീകരിച്ച് 1980 ജൂണില്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് സംസ്ഥാനത്ത് നിലവില്‍ അധ്യാപക നിയമനം നടക്കുന്നത്.
https://www.facebook.com/Malayalivartha