എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഹാഷിഷ് ഓയിലും കറന്‍സികളും പിടികൂടി... സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍

മണ്ണന്തലയിലെ ഒരു ഹോട്ടലില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ഹാഷിഷ് ഓയിലും കറന്‍സികളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. തൃശൂര്‍ പീച്ചി കാണിപ്പാടം ചക്കമുടിപ്പറമ്പില്‍ വീട്ടില്‍ വിനീഷ് കുമാര്‍ (39), കാട്ടാക്കട വീരണകാവ് എസ്എന്‍ നഗര്‍ അനൂപ് ഭവനില്‍ അനൂപ് (28), തിരുവനന്തപുരം വഞ്ചിയൂര്‍ തമ്പുരാന്‍മുക്ക് ഹീര ആര്‍ക്കേഡില്‍ റനീസ് (39) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം മണ്ണന്തലയില്‍ പരിശോധന നടത്തിയത്.
മണ്ണന്തലയിലെ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഹാഷിഷ് കൈമാറുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന്റെ നടത്തിപ്പുകാരനായ റനീസ് വന്‍ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനകണ്ണിയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. 13.5 ലക്ഷം രൂപയുമാണ് ഹാഷിഷ് വാങ്ങാന്‍ എത്തിയത്. വിനീഷ്‌കുമാര്‍ ആണ് ഓയില്‍ തൃശൂരില്‍ നിന്ന് കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.
അനൂപ് ഇടനിലക്കാരനാണ്. പ്രതികളെയും ഇവരില്‍ നിന്നു പിടികൂടിയ ഓയിലും പണവും കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha