ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പോലും കാത്ത് നില്‍ക്കാതെ കുമ്മനത്തെ ഗവര്‍ണ്ണറാക്കി നാടുകടത്തുമ്പോള്‍ പ്രതിരോധത്തിലായത് ആർഎസ്എസ്

കുമ്മനം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നത് ആര്‍എസ്എസ്സിന് തിരിച്ചടി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെ നിയോഗിച്ചത് സംസ്ഥാനത്തെ ആര്‍എസ്സ്എസ്സ് നേതൃത്വമാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പോലും കാത്ത് നില്‍ക്കാതെ കുമ്മനത്തെ ഗവര്‍ണ്ണറാക്കി നാടുകടത്തുമ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന ബിജെപിയ്ക്ക് പുതിയ അധ്യക്ഷനെ കൊണ്ട് വരുന്നതിന് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
ഗവര്‍ണ്ണര്‍ പദവി കുമ്മനത്തിന് നല്‍കുന്ന അംഗീകാരമെന്ന് കരുതാമെങ്കിലും സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് കുമ്മനത്തെ ഒഴിവാക്കുകയായിരുന്നു. കുമ്മനം സംസ്ഥാന പ്രസിഡന്റ് ആയതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ട് നിലയില്‍ കുറവുണ്ടാവുകയാണ് ചെയ്തത്. ചെങ്ങന്നൂരിലും ബിജെപിയുടെ വോട്ട് നിലയില്‍ കുറവുണ്ടാകുമെന്ന വിലയിരുത്തലാണ് ബിജെപി നേതൃത്വത്തിന്റേത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പാര്‍ട്ടിയില്‍ പുനസംഘടനയുണ്ടാകുമെന്നാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇങ്ങനെ ഒരു പുനസംഘടനയുണ്ടായാല്‍ ആര്‍എസ്സ്എസ്സ് ഇടപെടലുണ്ടാകുമെന്നും ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അപ്രതീക്ഷിത നീക്കത്തിലൂടെ കുമ്മനത്തെ ഗവര്‍ണ്ണറാക്കുന്നതിന് നടപടി സ്വീകരിച്ചത്. കഴിഞ്ഞ നയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി യിലും സംസ്ഥാന എന്‍ഡിഎ ഘടകത്തിലും ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുമ്മനത്തിന് കഴിഞ്ഞതുമില്ല. ആര്‍എസ്സ്എസ്സിന്റെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന പ്രചാരകനായ കുമ്മനത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കുന്നില്ലെന്ന കാര്യം ആര്‍എസ്സ്എസ്സ് നേതൃത്വവും തിരിച്ചറിഞ്ഞു.
അതേസമയം സംസ്ഥാന ബിജെപിയിലെ ആര്‍എസ്സ്എസ്സ് വിരുദ്ധരാകട്ടെ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അടുത്ത പ്രസിഡന്റ് ആരാകും എന്ന കാര്യത്തില്‍ ആര്‍എസ്സ്എസ്സ് കടുംപിടുത്ത നിലപാടുകള്‍ എടുക്കുന്നതിന് സാധ്യതയുമില്ല.
https://www.facebook.com/Malayalivartha