സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ; പാസ്സ്‌പോർട്ട് അനുസരിച്ച് 2017ൽ പോയത് യു എഇ യിലേയ്ക്ക്: ദുബായിൽ ഉണ്ടായിരുന്നത് ആറുമാസത്തോളം: സാബിത്തിന്റെ സഹോദരന്‍ സാലിഹും മലേഷ്യയില്‍ പോയിട്ടില്ലെന്ന് റിപ്പോർട്ടുകൾ! മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിന് വിധേയമാക്കുന്നു

പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയ്ക്കു പോയിട്ടില്ലെന്ന് യാത്രാ രേഖകള്‍. 2017ല്‍ യു.എ.ഇയിലേക്കാണ് സാബിത്ത് പോയതെന്നും പാസ്‌പോര്‍ട്ട് രേഖകളില്‍ പറയുന്നു. 2017 ഫെബ്രുവരിയില്‍ യു.എ.ഇയിലെത്തിയ സാബിത്ത് ആറ് മാസക്കാലം ദുബായിലുണ്ടായിരുന്നു. പിന്നീട് കേരളത്തിലേക്ക് മടങ്ങിവരികയായിരുന്നു. രോഗം ബാധിച്ച് മരിച്ച സാബിത്തിന്റെ സ്രവങ്ങള്‍ പരിശോധന നടത്താത്തതിനാല്‍ നിപ്പയാണോ മരണകാരണം എന്ന് കണ്ടെത്താനായിരുന്നില്ല.
നിപ്പ വൈറസ് പരത്തിയെന്ന് കരുതുന്ന വവ്വാലുകളെ പരിശോധിച്ചെങ്കിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് വിദേശത്ത് നിന്ന് വൈറസ് കേരളത്തിലെത്തിയെന്ന സംശയമുണ്ടായത്. തുടര്‍ന്നാണ് സാബിത്തിന്റെ വിദേശ യാത്രയെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
സാബിത്തിന്റെ സഹോദരന്‍ സാലിഹും മലേഷ്യയില്‍ പോയിട്ടില്ലെന്നു പാസ്‌പോര്‍ട്ടില്‍നിന്ന് മനസ്സിലായിട്ടുണ്ട്. ഇതിനു പുറമെ, മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിനു വിധേയമാക്കുന്നുണ്ട്. ലിനിയുടെ ഭര്‍ത്താവ് സജീഷിനോട് ഇതു സംബന്ധിച്ച് പൊലീസ് അന്വേഷിച്ചതായും അറിയുന്നു.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിൽ ഈ വവ്വാലുകളുടേതുൾപ്പെടെയുള്ള എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പിക്കടയിൽ സാബിത്തിന്റെ വീടിനോടു ചേർന്നുള്ള കിണറ്റിലെ വവ്വാലുകളുടെ രക്തത്തിന്റെ സാമ്പിളുകളാണ് ഭോപ്പാലിലേക്കയച്ചത്. ഇത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന ചെറിയ വവ്വാലുകളാണ്.
ഇവയിൽ രോഗബാധ സ്ഥിരീകരിച്ചില്ല. ഇനി പഴങ്ങൾ ഭക്ഷിക്കുന്ന വലിയ വവ്വാലുകളുടെ സാമ്പിളുകൾ പരിശോധിക്കേണ്ടതുണ്ട്. വവ്വാലിനെ കൂടാതെ പന്നി, കന്നുകാലികൾ, ആട് എന്നിവയുടെ 21 സാമ്പിളുകളാണ് മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് അയച്ചത് (വവ്വാലിന്റെ മൂന്നും പന്നിയുടെ എട്ടും കന്നുകാലിയുടെ അഞ്ചും ആടിന്റെ അഞ്ചും സാമ്പിളുകൾ). ഇവയിലൊന്നും വൈറസ് ഇല്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.പി. സിംഗിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ഫലം ആശ്വാസമാണെങ്കിലും ആശങ്ക മാറിയിട്ടില്ല. പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകൾ നിപ്പ വൈറസ് വാഹകരാണെന്ന് മലേഷ്യയിലും മറ്റും നടന്ന പഠനങ്ങളിലുണ്ട്.
https://www.facebook.com/Malayalivartha