സിനിമാ ജീവിതം 30 വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഡയലോഗുകള്‍ കാണാതെ പഠിക്കാന്‍ കഷ്ടപ്പാടുതന്നെയെന്ന് ആമിര്‍ഖാന്‍

സിനിമാ ജീവിതം 30 വര്‍ഷം പിന്നിട്ടെങ്കിലും ഡയലോഗുകള്‍ കാണാതെ പഠിക്കാന്‍ ഇപ്പോഴും കഷ്ടപ്പാടു തന്നെയെന്ന് ആമിര്‍ഖാന്‍. താരത്തിളക്കത്തിന് 30 വയസ്സ് പ്രമാണിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആമിര്‍.
തിരശീലയില്‍ വലിയ പരിചയമുണ്ടെങ്കിലും സംഭാഷണങ്ങള്‍ ഒഴുക്കോടെ പറയാനുള്ള ആത്മവിശ്വാസം ഇപ്പോഴും കൈവന്നിട്ടില്ല. ചിത്രീകരണത്തിനുമുമ്ബ് മാസങ്ങള്‍നീണ്ട പരിശീലനം ഇപ്പോഴും ആവശ്യമുണ്ട്. സഞ്ജയ് ദത്തൊക്കെ പത്തുമിനിറ്റിനുള്ളില്‍ മുഴുപേജ് ഡയലോഗൊക്കെ കാണാതെ പറയും. അങ്ങനെയൊക്കെ ചെയ്യാന്‍ ഇപ്പോഴും എനിക്ക് പറ്റുന്നില്ല.
1998ല്‍ ജൂഹി ചൗളയുടെ നായകനായി 'ഖയാമത് സേ ഖയമാത് തകി'ല്‍ ജൈത്രയാത്ര തുടങ്ങിയ ആമിര്‍ മനസു തുറന്നു. മാസം ആയിരം രൂപയാണ് ഖയാമത് സേ ഖയമാത് തകില്‍ എനിക്ക് പ്രതിഫലം ലഭിച്ചത്. ഒന്നരവര്‍ഷം നീണ്ടു ചിത്രീകരണം. സിനിമ വമ്പന്‍ ഹിറ്റായപ്പോള്‍ ആള്‍ക്കാര്‍ എനിക്ക് ചുറ്റും കൂട്ടംകൂടാന്‍ തുടങ്ങി. സ്വന്തമായി വണ്ടിയില്ലാത്തതിനാല്‍ നടന്നും ഓട്ടോയിലും മറ്റുമാണ് എന്റെ സഞ്ചാരം. സിനിമ വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ എന്റെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടമായി ആമിര്‍ അനുസ്മരിച്ചു.
അഭിനേതാവ്, സംവിധായകന്‍, എഴുത്തുകാരന്‍, പിന്നണി ഗായകന്‍, ടിവി ചാനല്‍ അവതാരകന്‍ തുടങ്ങി ആമിര്‍ഖാന്റെ റോള്‍ മറ്റു ഖാന്മാരില്‍നിന്ന് എക്കാലവും വേറിട്ടതാണ്. ബാലതാരമായും ചെറിയ റോളുകളിലൂടെയും 1973 മുതല്‍ ആമിര്‍ഖാന്‍ വെള്ളിത്തിരയിലുണ്ട്.
ദില്‍, ദില്‍ ഹേ കി മാന്ത നഹി, രംഗീല, രാജാ ഹിന്ദുസ്ഥാനി, ഇഷ്‌ക്, സര്‍ഫറോഷ്, ലഗാന്‍, മംഗള്‍ പാണ്ഡെ, താരേ സമീന്‍ പര്‍, 3 ഇഡിയറ്റ്‌സ്, പീപ്‌ലി ലൈവ്, പികെ, ദങ്കല്‍ ബോളിവുഡില്‍ തരംഗമായ ആമിര്‍ ചിത്രങ്ങള്‍ പിന്നെയും നീളുന്നു. സത്യമേവ ജയതേ, സിഐഡി എന്നീ ടെലിവിഷന്‍ പരിപാടിയിലും അവതാരകനായി. സംവിധായികയും നിര്‍മ്മാതാവുമായ കിരണ്‍ റാവുവാണ് ഭാര്യ.
https://www.facebook.com/Malayalivartha