ഭാര്യാസഹോദരന്റെ നേതൃത്വത്തില്‍ കൊട്ടേഷന്‍ സംഘത്തിന്റെ വിളയാട്ടം; പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വീടാക്രമിച്ച് നവവരനെ തട്ടിക്കൊണ്ടു പോയി

കോട്ടയം മാന്നാനത്ത് വീടാക്രമിച്ച് നവവരനെ തട്ടിക്കൊണ്ടുപോയെന്നു പരാതി. കുമാരനല്ലൂർ സ്വദേശി കെവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാള്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തില്‍ എത്തിയ കൊട്ടേഷന്‍ സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് വ്യക്തമാക്കി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് ആക്രമണമെന്നാണ് പരാതി.
പത്തനാപുരം സ്വദേശിയായ പെൺകുട്ടിയെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു. കെവിൻ മാന്നാനത്ത് ബന്ധു വീട്ടിലുമായിരുന്നു. പെൺകുട്ടിയുടെ സഹോദരനും സംഘവും മൂന്നു വാഹനങ്ങളിൽ എത്തിയാണ് വീട്ടിൽ കയറി കെവിനെ തട്ടിക്കൊണ്ടുപോയത്.
എന്നാൽ പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ മുൻപ് പത്തനാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. അതേസമയം പെണ്‍കുട്ടിയുടെ സഹോദരന് തെന്മല ഭാഗത്തുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗാന്ധിനഗര്‍ പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha