പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തമായി തിരിച്ചുവരുന്നു; ലാഭം 106.91 കോടി; ലാഭത്തിലായ സ്ഥാപനങ്ങളുടെ എണ്ണം പതിനാലായി; കേരളാ സര്‍ക്കാരിന് നേട്ടം

യുഡിഎഫ് ഭരണകാലത്തെ തകര്‍ച്ചയില്‍നിന്ന് സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ശക്തമായി തിരിച്ചുവരുന്നു. ഈ സാമ്പത്തികവര്‍ഷത്തെ വാര്‍ഷിക കണക്കുകള്‍പ്രകാരം പൊതുമേഖല സ്ഥാപനങ്ങളെല്ലാം ചേര്‍ന്ന് 106.91 കോടി രൂപ ലാഭം നേടി. ലാഭത്തിലായ സ്ഥാപനങ്ങളുടെ എണ്ണം പതിനാലായി വര്‍ധിച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കണക്കനുസരിച്ച് 80.67 കോടി രൂപ നഷ്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളാണ് ശതകോടി ലാഭത്തിലെത്തിയത്. കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ എന്നീ സ്ഥാപനങ്ങളാണ് നേട്ടത്തില്‍ മുമ്പന്തിയില്‍. 195 കോടിയിലധികം രൂപയുടെ ലാഭം നേടിയ കെഎംഎംഎല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് കൈവരിച്ചത്. കഴിഞ്ഞവര്‍ഷം 40 കോടിമാത്രമായിരുന്നു കെഎംഎംഎലിന്റെ ലാഭം. 33.17 കോടി രൂപയുടെ ലാഭമുണ്ടാക്കിയ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സും മികച്ച നിലവാരത്തിലാണ്. കഴിഞ്ഞവര്‍ഷം 6.33 കോടി രൂപയായിരുന്നു ലാഭം.
നഷ്ടത്തിലായിരുന്ന കെഎസ്ഡിപി, കെഎസ്‌ഐഇ എന്നിവ ഈ വര്‍ഷം ലാഭത്തിലായി. 4.5 കോടി നഷ്ടത്തിലായിരുന്ന കെഎസ്ഡിപി 2.1 കോടി രൂപയും 5.86 കോടി നഷ്ടത്തിലായിരുന്ന കെഎസ്‌ഐഇ 1.64 കോടി രൂപയും ലാഭമുണ്ടാക്കി. ഒമ്പത് പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം കുറയ്ക്കാനും വ്യവസായവകുപ്പിന് കഴിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 131.60 കോടി രൂപയായിരുന്നു പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം.
രണ്ടുവര്‍ഷം കൊണ്ടുതന്നെ പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായത് ഇടതുസര്‍ക്കാരിന്റെ വ്യവസായനയത്തിനുള്ള അംഗീകാരമാണ്. സര്‍ക്കാര്‍ നടത്തിയ സമഗ്ര ഇടപെടലാണ് വ്യവസായവകുപ്പിന്റെ ചരിത്രനേട്ടത്തിനുപിന്നിലെന്ന് വ്യവസായമന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. വന്‍ വ്യാവസായികകുതിപ്പ് ലക്ഷ്യമിട്ട് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha