ഡോക്ടറെ തടഞ്ഞ് വച്ച് വധഭീഷണി മുഴക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; ഐ.എം.എ.

തിരുവനന്തപുരം: തിരുവനന്തപുരം പി.ആര്‍.എസ്. ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഹൃദയമിടിപ്പും പള്‍സും ശ്വാസ്വാഛ്വാസവുമില്ലാതെ എത്തിച്ച രോഗിയെ അഡ്വാന്‍സ് ലൈഫ് കെയര്‍ സപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള അടിയന്തിര വിദഗ്ധ ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറേയയും ജീവനക്കാരേയും തടഞ്ഞുവയ്ക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം.
ഹൃദയമിടിപ്പില്ലാതെയും മുമ്പ് മറ്റ് രോഗമില്ലാത്തതിനാലും മരണകാരണം എന്തെന്ന് വ്യക്തമാകാത്തതിനാല്‍ പോലീസിനെ അറിയിക്കാന്‍ ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണ്. അപ്രകാരം ഡോക്ടര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പ്രകോപിതരായത്.
കൂടെവന്ന ബന്ധുക്കള്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അതിക്രമിച്ച് കയറുകയും എമര്‍ജന്‍സി മെഡിസിന്‍ മേധാവിയായ ഡോ. പ്രതാപനെ 5 മണിക്കൂറോളം തടഞ്ഞു വയ്ക്കുകയും ചെയ്തു. അത്യാഹിത വിഭാഗത്തില്‍ വന്ന രോഗികള്‍ക്ക് 5 മണിക്കൂറോളം വൈദ്യസഹായം ലഭിക്കാതെ വന്നത് അത്യന്തം ഗുരുതരമായ സംഭവമാണ്. ഇത് വീണ്ടും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ആശുപത്രി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസെടുത്ത് മാതൃകാപരമായി അവരെ ശിക്ഷിക്കണമെന്നും തിരുവനന്തപുരം ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























