'അമ്മ' യുടെ മക്കൾ കലഹം: നിയമോപദേശം തേടി സർക്കാർ

താരസംഘടനയായ അമ്മയിലുണ്ടായ വിവാദങ്ങളിൽ ഇടപെടുന്നതിന്റെ സാധ്യത തേടി സർക്കാർ അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. തത്കാലം വിഷയത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ പ്രതികരിച്ചെങ്കിലും സർക്കാരിൽ ഇത് സംബന്ധിച്ച് പരാതി വന്നാൽ എങ്ങനെ പ്രതികരിക്കണം എന്നാണ് സർക്കാർ ആലോചിക്കുന്നത്.
അമ്മ, ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ്. അതിന്റെ പ്രവർത്തനങ്ങളിൽ ക്രമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് മനസിലാക്കിയാൽ അതിൽ സർക്കാരിന് ഇടപെടേണ്ടി വരും.
സർക്കാർ തലത്തിൽ രജിസ്ട്രാർക്ക് നടപടി സ്വീകരിക്കേണ്ടിയും വരും. ഇതിനകം വനിതാ കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വനിതാ കമ്മീഷൻ സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടും. റിപ്പോർട്ട് ചോദിച്ചാൽ സർക്കാരിന് മറുപടി നൽകേണ്ടി വരും.
നാല് നടിമാർ സംഘടനയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ അമ്മയുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് നാലു നടിമാർ കത്ത് നൽകി. അമ്മയുടെ കഴിഞ്ഞ യോഗത്തിലെ തീരുമാനം ഞെട്ടിക്കുന്നതാണെന്നാണ് നടിമാർ പറയുന്നത്. അമ്മയുടെ അംഗങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് പുതിയ ഭാരവാഹികളുമായി കൂടിക്കാഴ്ചക്ക് അനുമതി നൽകണമെന്നും നടിമാർ കത്തിൽ ആവശ്യപ്പെട്ടു.
അംഗങ്ങളുമായി കൂടിയാലോചിക്കാതെയും അജണ്ടയിൽ ഉൾപ്പെടുത്താതെയും ഒരു തീരുമാനം സംഘടനക്ക് എടുക്കാൻ കഴിയില്ല. അങ്ങനെയെടുത്താൽ അത് നിയമ വിരുദ്ധമാകും. സ്ഥലത്തില്ലാതിരുന്നതിനാലാണ് തങ്ങൾ യോഗത്തിന് വരാത്തതെന്നും പാർവതിയും പത്മപ്രിയയും പറയുന്നു. രേവതി, പത്മപ്രിയ, പാർവതി എന്നിവരാണ് കത്തിൽ ഒപ്പിട്ടത്.
സ്വാഭാവികമായും നടിമാർ ഇനി സർക്കാരിനെ സമീപിക്കും. സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രമാണുള്ളത്. ഒന്ന് അവഗണിക്കുക. രണ്ടാമത്തേത് ഏറ്റെടുക്കുക. ഒരു ജനകീയ സർക്കാരിനെ സംബന്ധിച്ചടത്തോളം പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാകില്ല. കാരണം നടിമാരുടെ വിഷയം ഉണ്ടായയുടൻ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും നടിമാരെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. സിനിമാരംഗത്തെ ചിലർ അരാജത്വം നിറഞ്ഞതാണെന്ന് മന്ത്രിമാർ പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് വിഷയത്തിൽ കൃത്യമായ അഭിപ്രായമുണ്ട്. അമ്മയിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. അങ്ങനെയാണെങ്കിൽ അത് ശരിയല്ലെന്നും നടപടിയെടുക്കേണ്ടതാണെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പറയുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇതുവരെ മൗനം ഭജ്ജിച്ചിട്ടില്ല. തനിക്ക് അഭിപ്രായം പറയേണ്ട ഘട്ടത്തിൽ മാത്രമേ അദ്ദേഹം അഭിപ്രായം പറയുകയുള്ളു. എങ്കിലും നിയമവശം മുഖ്യമന്ത്രി പരിശോധിക്കും. അതാണ് ഇപ്പോൾ നടക്കുന്നത്.
https://www.facebook.com/Malayalivartha
























