ന്യൂ ഡല്‍ഹിയെ വെള്ളത്തിലാക്കുന്നത് പാന്‍മസാല കവറുകളെന്ന് പഠനം; റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വഴിയില്‍ കുന്നുകൂടുന്നത് വെള്ളക്കെട്ടിനും കാരണമാകുന്നവെന്ന് കണക്കുകള്‍

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയെ മഴക്കാലത്ത് വെള്ളക്കെട്ടിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് പാന്‍മസാല കവറുകളാണെന്ന് പുതിയ പഠനം. മഴക്കാലത്ത് ഡല്‍ഹിയിലെ അഴുക്കുചാലുകളില്‍ വെള്ളം ഒഴുകാതെ നിറഞ്ഞു കവിയുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നു. ഇത്തരത്തില്‍ അഴുക്കുചാലുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിന് കാരണമാകുന്ന വസ്തുക്കളില്‍ അഞ്ചിലൊന്ന് ശതമാനം ഗുഡ്ക എന്നറിയപ്പെടുന്ന പാന്‍മസാലയുടെ കവറുകളാണെന്നാണ് ഐ.ഐ.ടി ഗൊരഖ്പൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. തുടര്‍ച്ചയായ രണ്ടാഴ്ച ഡല്‍ഹിയിലെ മുഴുവന്‍ അഴുക്കുചാലുകളെയും കൃത്യമായി നിരീക്ഷിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഗവേഷണസംഘം വ്യക്തമാക്കി.
അഴുക്കുചാലുകളില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളില്‍ 22 ശതമാനവും പാന്‍മസാല കവറുകളാണ്. മറ്റുള്ള 78 ശതമാനം പ്ലാസ്റ്റിക് കവറുകള്‍, പൊതികള്‍, കടലാസ്, പൊടി, ചുള്ളിക്കമ്പുകള്‍, ഇലകള്‍, മറ്റു മാലിന്യങ്ങള്‍ എന്നിവയാണ്.
''ഡല്‍ഹിയിലെ മിക്ക അഴുക്കുചാലുകളും ചെറിയ ഗുഡ്ക നിര്‍മ്മാണശാലകളെപ്പോലെയാണ്. സാധാരണ പ്ലാസ്റ്റിക്കിനേക്കാള്‍ കട്ടിയേറിയതായതിനാല്‍ ഇത് കൂടുതല്‍ അപകടകാരിയാണ്. വഴികളില്‍ വലിച്ചെറിയുന്ന ഈ പാന്‍മസാല കവറുകള്‍ മഴക്കാലത്ത് അഴുക്കുചാലുകളിലേക്ക് ഒഴുകിയെത്തുകയും അഴുക്കുചാലിന്റെ വായ അടയ്ക്കുകയും ചെയ്യുന്നു''. ഐഐടി അധ്യാപകനായ ടി.എസ് രാമചന്ദ്രന്‍ പറയുന്നു.
https://www.facebook.com/Malayalivartha
























