“മൂവ് ഹാക്ക്” 2018 ; ഗതാഗത മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആഗോള മൊബിലിറ്റി ഹാക്കത്തോണുമായി നിതി ആയോഗ്; രണ്ടു കോടിയിലധികം രൂപയുടെ പുരസ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഭാവി ഗതാഗത സാധ്യതകളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ വികസിപ്പിക്കാനായി നിതി ആയോഗ് “മൂവ് ഹാക്ക്”എന്ന പേരില്‍ ആഗോള മൊബിലിറ്റി ഹാക്കത്തോണിന് തുടക്കം കുറിച്ചു. പത്ത് പ്രമേയങ്ങള്‍ ആസ്പദമാക്കിയാണ് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഏറ്റവും വലിയ ഹാക്കത്തോണുകളില്‍ ഒന്നായ മൂവ് ഹാക്ക് സംഘടിപ്പിക്കുന്നത്.
മൂന്ന് പാദങ്ങളായാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടം ഓണ്‍ലൈനായാണ്. രണ്ടാം പാദം സിംഗപ്പൂരിലും മൂന്നാം പാദം ഇന്ത്യയിലും നടക്കും.
ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് നവീനവും, ചലനാത്മകവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നു.
https://www.movehack.gov.in എന്ന വെബ്‌സൈറ്റ് വഴി ഏത് രാജ്യക്കാര്‍ക്കും ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഓണ്‍ലൈനായി ഏറ്റവും മികച്ച ആശയങ്ങള്‍ സമര്‍പ്പിക്കുന്ന 30 ടീമുകളെ സെപ്റ്റംബര്‍ 1, 2 തീയതികളില്‍ (2018 സെപ്റ്റംബര്‍ 1, 2) സിംഗപ്പൂരില്‍വെച്ച് നടക്കുന്ന രണ്ടാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും. ഒരു വിദഗ്ദ്ധ സംഘത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചായിരിക്കും രണ്ടാംഘട്ടത്തില്‍ ഇവര്‍ പ്രവര്‍ത്തിക്കുക. ഇതില്‍ വിജയിക്കുന്ന 20 ടീമുകളെ സെപ്റ്റംബര്‍ 5 മുതല്‍ 6 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന അന്തിമ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും.
ഹാക്കത്തോണ്‍ വിജയികളെ സെപ്റ്റംബര്‍ 7 മുതല്‍ 8 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന മൂവ് സമ്മിറ്റ് 2018 ല്‍ പ്രഖ്യാപിക്കും. ആദ്യ 10 സ്ഥാനക്കാര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. വിജയികള്‍ക്കെല്ലാം കൂടി മൊത്തം രണ്ടു കോടി രൂപയിലേറെ സമ്മാനമായി ലഭിക്കും.
ആഗോളതലത്തിലെ പ്രഗത്ഭ സംരംഭകര്‍, വെന്‍ച്വര്‍ കാപിറ്റലിസ്റ്റുകള്‍, ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക.
സിംഗപ്പൂര്‍ ഗവണ്‍മെന്റ്, സ്റ്റാര്‍ട്ട് അപ് ടെക്‌നോളജി കമ്പനിയായ ഹാക്കര്‍ എര്‍ത്ത് എന്നിവയുടെ പിന്തുണയോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.movehack.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha

























