ഗൗരി ലങ്കേഷ് വധക്കേസ്; കൊലയാളികള്‍ ഉപയോഗിച്ചതായി കരുതുന്ന രണ്ടു ഇരുചക്രവാഹനങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു

ഗൗരി ലങ്കേഷിന്റെ വധക്കേസില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന സുപ്രധാന തെളിവ് പൊലീസ് കണ്ടത്തി. കൊലയാളികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ബൈക്കുകളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ പിടിയിലായ എച്ച്.എല്‍. സുരേഷിന്റെ ബന്ധുക്കളുടെ താമസ സ്ഥലങ്ങളില്‍ നിന്നാണ് രണ്ട് ബൈക്കും കണ്ടെത്തിയത്. എന്നാല്‍ കൊലപാതകം നടത്താന്‍ ഈ ബൈക്കുകളാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, നേരത്തേ പിടിയിലായ പുണെ സ്വദേശി അമോല്‍ കാലെക്ക് പുരോഗമന വാദികളായ നരേന്ദ്ര ദാഭോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും കൊലപാതകത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദാഭോല്‍ക്കര്‍ 2013 ആഗസ്റ്റ് 20നും പന്‍സാരെ 2015 ഫെബ്രുവരി 20നുമാണ് കൊല്ലപ്പെടുന്നത്. ദാഭോല്‍ക്കര്‍ കൊലപാതക കേസിലെ മുഖ്യപ്രതിയായ വീരേന്ദ്ര താവ്‌ഡെയുമായും അമോല്‍ കാലെക്ക് അടുത്തു പരിചയമുണ്ടായിരുന്നു.
വീരേന്ദ്ര താവ്‌ഡെയുടെ അറസ്റ്റിനുശേഷം തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അമോല്‍ കാലെ നിയോഗിക്കപ്പെടുകയായിരുന്നുവെന്നാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്. ദാഭോല്‍ക്കര്‍ വധക്കേസില്‍ വീരേന്ദ്ര താവ്‌ഡെയെ മുഖ്യപ്രതിയാക്കി 2016 സെപ്റ്റംബര്‍ അഞ്ചിന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച് കൃത്യം ഒരുവര്‍ഷത്തിനുശേഷമാണ് 2017 സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഇതുകൂടാതെ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയതും അമോല്‍ കാലെ ആണെന്നാണ് വിവരം. വീട്ടിലെത്തി വാതിലില്‍ മുട്ടിയത് അമോല്‍ കാലെയാണെന്ന് കല്‍ബുര്‍ഗിയുടെ കുടുംബവും സ്ഥിരീകരിച്ചിരുന്നു. ഗണേഷ് മിസ്‌കിനും അമോല്‍ കാലെയും ചേര്‍ന്നാണ് കല്‍ബുര്‍ഗിെയ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
https://www.facebook.com/Malayalivartha

























