തൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി ; ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ മമത ബാനർജിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് അസം തൃണമൂൽ കോൺഗ്രസ് പ്രസിഡന്‍റ് ദ്വിപൻ പതക്കും മറ്റു രണ്ട് നേതാക്കളും രാജിവച്ചു

അസമിലെ പൗരത്വ രെജിസ്റ്ററുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശം ഏറെ ചർച്ച ആയിരുന്നു. ഇതിൽ കോൺഗ്രസിനും കടുത്ത എതിർപ്പ് ഉണ്ട്. ഇതിനു പിന്നാലെയാണ് അസമിലെ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നിന്നും കടുത്ത എതിർപ്പ് പുറത്ത് വരുന്നത്.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ മമത ബാനർജിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് അസം തൃണമൂൽ കോൺഗ്രസ് പ്രസിഡന്‍റ് ദ്വിപൻ പതക്കും മറ്റു രണ്ട് നേതാക്കളും രാജിവച്ചു. പതകിനെ കൂടാതെ പ്രദീപ് പച്ചാനി, ദിഗന്ധ സൈക്കിയ എന്നിവരാണ് രാജി സമർപ്പിച്ച മറ്റു നേതാക്കൾ.
തൃണമൂൽ നേതാക്കളെ സിൽച്ചാൽ വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് അസം നേതാക്കൾ രാജി നൽകിയത്. അസമിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും പാർട്ടി പ്രതിനിധികളെ അസമിലേക്ക് അയക്കരുതെന്ന് നിർദേശിച്ചിരുന്നതായും മുൻ എംഎൽഎ കൂടിയായ ദ്വിപൻ പറഞ്ഞു. അസം ജനതയുടെ വികാരം മനസിലാക്കാത്ത പക്ഷം പാർട്ടിയിൽ തുടരാൻ തനിക്ക് സാധ്യമല്ലെന്നും അതിനാലാണ് രാജി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. 2011-16 കാലത്ത് തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച സംസ്ഥാനത്തെ ഏക എം.എൽ.എയായിരുന്നു പതക്. ദേശീയ പൗരത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അസമിൽ ശക്തമാകുന്നതിന് ഇടയിലാണ് രാഷ്ട്രീയമായി കൂടി ഈ വിഷയം ചർച്ചയാകുന്നത്.
https://www.facebook.com/Malayalivartha

























