ഇന്ത്യക്ക് പാകിസ്ഥാനുമായി സംസാരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല എന്നാല്‍ ടെററിസ്താനുമായി നടക്കില്ല; കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതികരണത്തിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍. ഭീകരതയെ പിന്തുണക്കുന്നതിനും അയല്‍രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിനും നടത്തിയ വന്‍ നിക്ഷേപങ്ങളാണ് പാക് പ്രകോപനത്തിന് കാരണമെന്ന് ജയ്ശങ്കര്‍ ആഞ്ഞടിച്ചു. ഇന്ത്യക്ക് പാകിസ്ഥാനുമായി സംസാരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ ടെററിസ്താനുമായി (Terroristan) സംഭാഷണം പുനരാരംഭിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കില്‍ സാംസ്കാരിക സംഘടനയായ ഏഷ്യ സൊസൈറ്റിയുടെ പരിപാടിയില്‍ സംസാരിവെയായിരുന്നു പാകിസ്ഥാനെതിരെ വിദേശകാര്യ മന്ത്രി ആഞ്ഞടിച്ചത്. കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി പാകിസ്ഥാന്‍ ഭീകരതയുടെ വ്യവസായം സൃഷ്ടിച്ചിട്ടുണ്ടെന്നും ജയ്ശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കയിലാണ് ഇപ്പോൾ ജയ്ശങ്കർ.
ഈ ദിവസത്തിലും കാലഘട്ടത്തിലും നിങ്ങള്‍ക്ക് തീവ്രവാദത്തെ ഉപയോഗിച്ച് നയം നടത്താനാവില്ല. അവര്‍ ഉണ്ടാക്കിയ മാതൃക ഇനി പ്രവര്‍ത്തിക്കില്ലെന്ന് പാകിസ്ഥാന്‍ അംഗീകരിക്കേണ്ടതുണ്ട്. അവരുടേത് കോപത്തിന്റെ പ്രതികരണമാണ്. പലവിധത്തില്‍ അവര്‍ നിരാശരാണ്. കാരണം നിങ്ങള്‍ തീവ്രവാദത്തെ ദീര്‍ഘകാലമായി വ്യവസായമായി കെട്ടിപ്പടുത്തിട്ടുണ്ട് എന്നും ജയ്ശങ്കര്‍ കുറ്റപ്പെടുത്തി.
ഇന്ത്യയും പാകിസ്താനുംതമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളുടെയും പ്രധാനകാരണം കശ്മീര്‍ ആണെന്ന് പറയുന്നു. മുംബൈ നഗരത്തിന് നേരെ ആക്രമണം ഉണ്ടായി. ഞാന്‍ അവസാനമായി പരിശോധിച്ചപ്പോള്‍ മുംബൈ നഗരം കശ്മീരിന്‍െറ ഭാഗമല്ലായിരുന്നു. കശ്മീരില്‍ നിന്ന് വളരെ അകലെ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും ആക്രമിക്കാന്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് കഴിയുമെങ്കില്‍, അവിടെ ഒരു വലിയ പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും ജയശങ്കർ പറഞ്ഞു.
പാകിസ്ഥാനെതിരെ കടുത്ത പരിഹാസമാണ് ജയ്ശങ്കർ നടത്തിയത്. പ്രശ്നം ശരിക്കും പാകിസ്താന്‍െറ മാനസികാവസ്ഥയാണെന്നായിരുന്നു ജയ്ശങ്കറിന്റെ പരിഹാസം. പാകിസ്ഥാനില്‍ ഓരോ തവണയും സര്‍ക്കാര്‍ മാറുന്നു. ഇവര്‍ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. രണ്ടാമതായി അവര്‍ പറയുന്നത് തീവ്രവാദത്തിന് ഞങ്ങളുമായി ഒരു ബന്ധവുമില്ല, എല്ലാത്തിനും അമേരിക്കയാണ് കാരണം എന്നാണ്. അഫ്ഗാനില്‍ ജിഹാദ് നടത്തിച്ച് അമേരിക്കക്കാര്‍ ഞങ്ങളെ മോശം ശീലങ്ങള്‍ പഠിപ്പിച്ചു. നിങ്ങള്‍ വരുന്നതുവരെ ഞങ്ങള്‍ നല്ല ആളുകളായിരുന്നു എന്നും വിദേശകാര്യമന്ത്രി പരിഹസിച്ചു.
തീവ്രവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന അടിസ്ഥാന പ്രശ്‌നത്തിന് ഞങ്ങള്‍ അവരെ പിന്തുണക്കും. ഒരു തലത്തില്‍ ഇത് ഒരു വലിയ പ്രശ്നമാണ്, മറ്റൊരു തലത്തില്‍ ഇത് വളരെ വ്യക്തമായ പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീര്‍ പുന സംഘടനയെ എതിര്‍ക്കുന്നത് പാകിസ്ഥാന്‍ മാത്രമല്ലെന്നും ഇന്ത്യയിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിപോലും കശ്മീര്‍ വിഭജനത്തിനെതിരാണെന്നും ഇമ്രാന്‍ഖാന്‍ പ്രതികരിച്ചിരുന്നു. കശ്മീരിലെ ജനങ്ങള്‍ ജയിയിലടക്കപ്പെട്ടവരെപ്പോലെ കഴിയുകയാണെന്നും തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ എവിടെയാണെന്നു പോലും മറ്റുള്ളലര്‍ക്ക് അറിയില്ലെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടിപോലും അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഇമ്രാന്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബദുല്ലയും നടത്തിയ പ്രസ്താവനകള്‍ പരാമര്‍ശിച്ച് കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയുടെ കൂടുതല്‍ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാനുള്ള പാകിസ്ഥാന്റെ ശ്രമമാണ് ഇതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha