വാങ്ക ഡാ ഡേയ്', ആദിവാസി വിഭാഗത്തില്‍പ്പെട്ട ബാലനെ കൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ച് മന്ത്രി ; എഐഎഡിഎംകെ നേതാവും വനം മന്ത്രിയുമായ ഡിണ്ടിഗല്‍ സി. ശ്രീനിവാസൻ കുട്ടിയെ കൊണ്ട് ചെരിപ്പഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്

തമിഴ്നാട് കേരള അതിര്‍ത്തിയിലെ മുതുമല കടുവാ സംരക്ഷണകേന്ദ്രത്തിൽ സന്ദർശനത്തിനിടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബാലനെ കൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ച തമിഴ്‌നാട് മന്ത്രിയുടെ നടപടി വൻ വിവാദമാകുന്നു. എഐഎഡിഎംകെ നേതാവും വനം മന്ത്രിയുമായ ഡിണ്ടിഗല്‍ സി. ശ്രീനിവാസനാണ് വിവാദത്തിലെ നായകൻ. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
മുതുമല കടുവാ സംരക്ഷണകേന്ദ്രത്തില്‍ കുങ്കിയാനകള്‍ക്കുള്ള 48 ദിവസത്തെ സുഖചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെ സമീപത്തെ വിനായകര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാണു കുട്ടിയെക്കൊണ്ട് മന്ത്രി ശ്രീനിവാസന്‍ ചെരുപ്പൂരിച്ചത്. തന്റെ ചെരുപ്പുകള്‍ നീക്കംചെയ്യാന്‍ മന്ത്രി രണ്ട് ആണ്‍കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു.
വാങ്ക ഡാ ഡേയ്' എന്നാണ് കുട്ടികളെ അദ്ദേഹം വിളിക്കുന്നുത്. ആണ്‍കുട്ടികള്‍ മന്ത്രിക്കടുത്തേക്ക് വരുന്നതും അവരിലൊരാള്‍ മുട്ടുകുത്തി ചെരുപ്പ് ഊരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഉദ്യോഗസ്ഥരുടെയും പ്രാദേശിക എഐഎഡിഎംകെ നേതാക്കള്‍ക്കും ഒപ്പമായിരുന്നു സി. ശ്രീനിവാസൻ ഇവിടെയെത്തിയത്
മന്ത്രിയുടെ നടപടി ജാതി മേധാവിത്വത്തിന്റെ പ്രതിഫലനമാണെന്നായിരുന്നു വീഡിയോ പ്രചരിച്ചതോടെ വിവിധ കോണുകളിൽ നിന്നും ഉയർന്ന വിമർശനം. എന്നാൽ പ്രവൃത്തിക്കുപിന്നില്‍ ഒരു തെറ്റായൊന്നും ഇല്ലെന്നായിരുന്നു മന്ത്രി ശ്രീനിവാസന്റെ പ്രതികരണം. കുട്ടികളെ തന്റെ കൊച്ചുമക്കളായാണു കരുതുന്നതെന്നും പ്രാദേശിക ചാനലായ 'പുതിയതലൈമുറൈ'യോട് അദ്ദേഹം പറഞ്ഞു.
അതേസമയം, മന്ത്രിക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സര്‍ക്കാരേതര സന്നദ്ധസംഘടനയായ തോഴാമൈയുടെ ഡയറക്ടര്‍ ദേവനിയന്‍ ആവശ്യപ്പെട്ടു സംഭവത്തില്‍ തമിഴ്നാട് ബാലാവകാശ കമ്മിഷന്‍ ഇടപെടണം. പട്ടികജാതി-വര്‍ഗ അതിക്രമ നിയമപ്രകാരം മന്ത്രിക്കെതിരെ കേസെടുക്കണമെന്നും ദേവനിയന്‍ ആവശ്യപ്പെട്ടു.
ജാതീയ വിവേചനം നല്ല ആഴത്തിൽ വേരോടുന്ന സ്ഥലമാണ് തമിഴ്നാട്. പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇപ്പോഴും കൊടികുത്തുവാഴുന്ന ഒരു സംസ്ഥാനം. എന്നാൽ ഈ കുറച്ചു കാലങ്ങളായി നവോത്ഥാനത്തിന്റെ പാതയിലേക്കു നടന്നുകയറാണ് വലിയ തോതിലുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നത്.എന്നാൽ അത്തരം ശ്രമങ്ങളെത്രത്തോളം ശക്തമാകുന്നുണ്ടോ അത്രത്തോളം പിന്നോട്ട് പോകുകയാണ് ജനപ്രതിനിധികളുടെ മനോഭാവം പോലും എന്നതിന്റെ തെളിവായിമാറുകയാണ് ഈ സംഭവം.
https://www.facebook.com/Malayalivartha