പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

നരേന്ദ്ര മോദിയുടേയും അമ്മയായ ഹീരാബെന്‍ മോദിയുടെയും എ.ഐ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്യാന്‍ കോണ്‍ഗ്രസിനോട് പട്‌ന ഹൈക്കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി ബജന്ത്രി ആണ് ഉത്തരവിട്ടത്. ബി.ജെ.പി ഡല്‍ഹി ഇലക്ഷന്‍ സെല്ലിന്റെ കണ്‍വീനറായ സങ്കേത് ഗുപ്തയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കോണ്‍ഗ്രസിനാണ് ഹൈകോടതിയുടെ നിര്‍ദേശം. നോര്‍ത്ത് അവന്യു പൊലീസ് സ്‌റ്റേഷനിലാണ് പരാതി സമര്‍പ്പിച്ചത്. അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാനമന്ത്രിയുടെ മാതാവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കോണ്‍ഗ്രസിന്റെ എ.ഐ വിഡിയോ ആണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ ഇതിനെതിരെ നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
വിഡിയോയില്‍, മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എ.ഐ കഥാപാത്രം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് മോദിയെ കര്‍ശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എ.ഐ കഥാപാത്രം ഇതുകേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.
ബീഹാര്‍ തിരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ നില്‍ക്കുമ്പോഴാണ് നേതൃത്വത്തെ വെട്ടിലാക്കി വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീണുകിട്ടിയ ആയുധം ബിജെപി പരമാവധി ഉപയോഗിച്ചിരുന്നു. എ.ഐ വിഡിയോയുടെ പേരില്‍ രാഹുലിന്റെ വോട്ട് അധികാര്‍ യാത്രക്കെതിരെ വലിയ പ്രതിഷേധമാണ് ബി.ജെ.പി ഉയര്‍ത്തിയത്. വിഡിയോക്കെതിരെ ബി.ജെ.പി ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ജിഎസ്ടി പരിഷ്‌കാരങ്ങളില്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സിലെ ബീഡി ബിഹാര്‍ പോസ്റ്റ് പാര്‍ട്ടി വെട്ടിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha