ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു;അരങ്ങേറുന്നത് സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരം; രാപകല്‍ സമരംനടക്കുന്ന ഷഹീന്‍ബാഗിലെ എല്ലാ ബൂത്തിലും ശക്തമായ സുരക്ഷ; വോട്ടെണ്ണല്‍ ഫെബ്രുവരി 11ന്

രാജ്യം ഉറ്റുനോക്കിയ ആ നിർണായക ദിനം ഇന്ന്. ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. എ.എ.പി. 70 സീറ്റിലും മത്സരിക്കുന്നുണ്ട്. ഫെബ്രുവരി 11ന് ആണ് വോട്ടെണ്ണല്‍.
ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്.
പൗരത്വനിയമത്തിനെതിരേ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാപകല്‍ സമരംനടക്കുന്ന ഷഹീന്‍ബാഗിലെ എല്ലാ ബൂത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാല്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
അതിശക്തമായ പ്രചാരണമാണ് ഇത്തവണ ഡല്‍ഹിയില്‍ നടന്നത്. കഴിഞ്ഞ തവണത്തെ 67 സീറ്റ് 70 ആക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എഎപി പ്രചാരണരംഗത്ത് സജീവമായത്. കേന്ദ്ര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍, അയോധ്യ തുടങ്ങിയവയും ഡല്‍ഹിയിലെ വികസനപ്രവര്‍ത്തനങ്ങളുമെല്ലാം പ്രചാരണവിഷയമായി.
വിവിധ സർവേ ഫലങ്ങൾ എ.എ.പി അധികാരത്തിൽ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നൽകുന്നത്. എന്നാൽ, മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുമായാണ് എ.എ.പി വിജയം ആഘോഷിച്ചത്.
രാഷ്ട്രപതി റാം നാഥ് കോവിന്ദ്, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയവരാണ് വോട്ടു ചെയ്യുന്നവരിൽ പ്രമുഖർ.
കേന്ദ്ര മന്ത്രിമാരും സ്ഥാനാർഥികളും ഉൾപ്പെടെ വിവിധ നേതാക്കൾ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. ഡൽഹിയിലെ പോളിങ് റെക്കോർഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ആഹ്വാനം ചെയ്തു. ഉത്തരവാദിത്വമുള്ള സർക്കാർ വരുന്നതിനു ഡൽഹിയിലെ ജനങ്ങൾ വോട്ടു ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്നു വൈകിട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.
കേന്ദ്ര മന്ത്രി ഡോ.ഹർഷവർധൻ അമ്മയോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. കൃഷ്ണ നഗർ മണ്ഡലത്തിലെ പോളിങ് ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്തത്. ബിജെപി എംപി പർവേശ് വർമ വോട്ട് മാത്തിയാല മണ്ഡലത്തിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പർവേശിന്റെ പ്രസംഗം വിവാവദമായിരുന്നു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 100 പിന്നിട്ട വോട്ടർമാർ 130 പേരാണുള്ളത്. ഇവരിൽ ഏറ്റവും പ്രായം കൂടിയ വോട്ടർ 110 വയസ്സുള്ള കാളിതാര മണ്ഡലാണ്. സൗത്ത് ഡൽഹിയിലെ സിആർ പാർക്കിൽ താമസിക്കുന്ന കാളിതാര ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിലെ വോട്ടറാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രായമുള്ള വോട്ടറായിരുന്ന ബച്ചൻ സിങ് (111) കഴിഞ്ഞ ഡിസംബറിൽ മരിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വോളന്റിയർമാരുടെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പ്രായമായ വോട്ടർമാരെ നേരിട്ടു കണ്ടു കണക്കെടുത്തത്. തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ പോയി വാഹനത്തിൽ കൊണ്ടുവരും. വോട്ടു ചെയ്യാൻ മുൻഗണനയുണ്ട്. ബൊക്കെ നൽകിയാവും മുതിർന്ന പൗരൻമാരെ സ്വീകരിക്കുക. വോട്ടു ചെയ്ത ശേഷം തിരിച്ചു വീട്ടിലാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha