ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു

മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. നഗരമധ്യത്തില്‍ ഉള്ളതും 24 മണിക്കൂറും പൊലീസ് സുരക്ഷയുള്ളതുമായ ആശുപത്രിയില്‍ വടിവാളുകളുമായി ഗുണ്ടാസംഘം ഇരച്ചുകയറി രോഗികള്‍ക്കു മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊല്ലുകയായിരുന്നു. രാജാജി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ മറ്റു രോഗികള്‍ക്കു നടുവില്‍ തിങ്കളാഴ്ച രാവിലെയാണ് കൊലപാതകമുണ്ടായത്.
അഞ്ചംഗ സംഘം ഔട്ട് പോസ്റ്റിലെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് രാവിലെ ആറു മണിയോടെയാണ് അകത്ത് കയറിയത്. ജനറല്‍ വാര്‍ഡിലെത്തിയ സംഘം ഹാള്‍ അകത്ത് നിന്ന് പൂട്ടി. രോഗികളെയെല്ലാം വടിവാള്‍ കാണിച്ചു അകറ്റി നിര്‍ത്തിയതിനു ശേഷം മൂത്രക്കല്ലിനു ചികില്‍സ തേടി ആശുപത്രിയിലായിരുന്ന മുരുകനെന്നയാളെ വെട്ടിവീഴ്ത്തി. വെട്ടേറ്റു നിലത്തു വീണയാള്‍ മരിച്ചു എന്നുറപ്പാക്കിയശേഷം സംഘം പലവഴിക്കു രക്ഷപെട്ടു. മിനിറ്റുകള്‍ക്കകം വന്‍ പൊലീസ് സംഘം കുതിച്ചെത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല.
കൊല്ലപ്പെട്ട മുരുകന്‍ നഗരത്തിലെ തന്നെ രാജശേഖര്‍ എന്നയാളെ കൊലപെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന മുരുകന്‍ മാസങ്ങള്‍ക്കു മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് മധുര പൊലീസിന്റെ വിശദീകരണം.
മുരുകന്‍ ആശുപത്രിയില്‍ അഡ്മിറ്റായത് അറിഞ്ഞ എതിരാളികള്‍ കൊല ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് സൂചന. നേരത്തെ കേസിലെ ഒന്നാം പ്രതിയുടെ വീടും ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മധുര നഗരത്തില്‍ അക്രമികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.
https://www.facebook.com/Malayalivartha






















